ജിഗ്നേഷ് മേവാനിക്ക് നേരെ ഗുജറാത്ത് പൊലീസിന്റെ കാടത്തം ; കാറില്‍ നിന്നും ബലമായി കസ്റ്റഡിയിലെടുത്തു ( വീഡിയോ )

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th February 2018 02:42 PM  |  

Last Updated: 18th February 2018 02:42 PM  |   A+A-   |  

 

അഹമ്മദാബാദ് : നിയമസഭാംഗവും ദലിത് നേതാവുമായ ജിഗ്നേഷ് മേവാനിക്ക് നേരെ ഗുജറാത്ത് പൊലീസിന്റെ കാടത്തം. ഗുജറാത്തിലെ സാരംഗ്പൂരില്‍ ഡോ. ബി ആര്‍ അംബേദ്കറുടെ പ്രതിമയ്ക്ക് മുന്നില്‍ സംഘടിപ്പിച്ച ദലിത് പ്രതിഷേധസംഗമത്തില്‍ പങ്കെടുക്കാനാണ് ജിഗ്നേഷ് മേവാനി കാറില്‍ പുറപ്പെട്ടത്. 

എന്നാല്‍ സ്ഥലത്തെത്തുന്നതിന് മുമ്പ്, സരസ്പൂരില്‍ വെച്ച് മേവാനിയുടെ കാര്‍ പൊലീസ് തടഞ്ഞു. കാറിന്റെ താക്കോല്‍ കൈവശപ്പെടുത്തിയ സംഘം മേവാനിയെ മറ്റൊരു കാറിലേക്ക് കയറ്റാന്‍ ശ്രമിക്കുകയും ചെയ്തു. തന്നോട് പൊലീസ് അപമര്യാദയായി പെരുമാറിയെന്നും, ബലമായി കസ്റ്റഡിയിലെടുത്തെന്നും ജിഗ്നേഷ് മേവാനി ട്വീറ്റ് ചെയ്തു. 

മറ്റൊരു ദലിത് നേതാവ് നൗഷാദ് സോളങ്കിയെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഭീം ശക്തി സേനയുടെ 25 അംഗങ്ങളെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തതായി റിപ്പോര്‍ട്ടുണ്ട്. 

ഭൂമിയുടെ ഉമസ്ഥതാവകാശം ആവശ്യപ്പെട്ട് സമരത്തിലായിരുന്ന ഭാനുഭായ് വങ്കര്‍ ഫെബ്രുവരി 15 നാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഭാനുഭായ് പിറ്റേദിവസം മരണത്തിന് കീഴടങ്ങി. ഭാനുഭായിയുടെ മരണത്തില്‍ പ്രതിഷേധിച്ച് ദലിത് സംഘടനകള്‍ ബന്ദിന് ആഹ്വാനം ചെയ്തിരുന്നു.