എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്തുകൊന്ന പ്രതിക്കായി ദേശീയ പതാകയേന്തി സംഘപരിവാര്‍ സംഘടനയുടെ പ്രതിഷേധം 

By സമകാലിക മലയാളം ഡെസ്‌ക്ക്‌  |   Published: 18th February 2018 09:34 PM  |  

Last Updated: 18th February 2018 09:34 PM  |   A+A-   |  

 


ശ്രീനഗര്‍: കശ്മീര്‍ കതുവാ ജില്ലയില്‍ എട്ടു വയസ്സുകാരിയെ ബലാത്സംഗം ചെയ്തുകൊന്ന പോലീസുകാരനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച് ദേശീയ പതാകയേന്തി സംഘപരിവാര്‍ സംഘടനയുടെ പ്രതിഷേധം .ഹിന്ദു ഏക്താ മഞ്ച് എന്ന സംഘടനയുടെ പേരിലാണ് ഒരു കൂട്ടം ആളുകള്‍ പ്രതിക്കായി ദേശീയ പതാകയേന്തി പ്രതിഷേധിച്ചത് .

ക്രൂരതയ്ക്കിരയായ പെണ്‍കുട്ടിയെ ജനുവരി 10നാണ് കാണാതായത് . തുടര്‍ന്ന് ഏഴുദിവസത്തിന് ശേഷം പെണ്‍കുട്ടിയുടെ വികൃതമാക്കപ്പെട്ട മൃതദേഹം രസാന വില്ലേജിന്റെ പ്രാന്തപ്രദേശത്ത് നിന്ന് കണ്ടെത്തുകയായിരുന്നു. പ്രതികളെ പിടികൂടുന്നതില്‍ അനാസ്ഥ കാണിക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം ഒന്നടങ്കം വ്യാപകമായി പ്രതിഷേധിച്ചു. സമ്മര്‍ദത്തെ തുടര്‍ന്ന് രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം രണ്ട് പൊലീസ് ഉദ്യോഗസ്ഥരെയും പ്രായപൂര്‍ത്തിയാകാത്ത ഒരാളെയും അറസ്റ്റ് ചെയ്തു. ശരിയായ അന്വേഷണം നടത്താതെയാണ് പൊലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തതെന്ന് ആരോപിച്ചാണ് ഹിന്ദു ഏക്താ മഞ്ച് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. 

പ്രദേശിക ബിജെപി നേതാക്കളാണ് മാര്‍ച്ചിന് നേതൃത്വം നല്‍കിയത് . ബിജെപി സംസ്ഥാന സെക്രട്ടറി വിജയ് ശര്‍മ്മയുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. രാജ്യത്തിന് വേണ്ടി സേവനം അനുഷ്ഠിച്ച പൊലീസ് ഉദ്യോഗസ്ഥനെ ശരിയായ അന്വേഷണം നടത്താതെയാണ് അധികൃതര്‍ അറസ്റ്റ് ചെയ്തതെന്ന് വിജയ് ശര്‍മ്മ ആരോപിച്ചു. സംസ്ഥാനത്ത് ബിജെപിയുടെ സഖ്യകക്ഷിയായ പിഡിപിയുടെ മുഖ്യമന്ത്രിയായ മെഹബൂബ മുഫ്തി വിഷയം വര്‍ഗീയവത്ക്കരിക്കുകയാണെന്നും ശര്‍മ്മ ആരോപിച്ചു. 
 
അതേസമയം  ആരോപണം മെഹബൂബ മുഫ്തി നിഷേധിച്ചു. പ്രതികളെ അറസ്റ്റ് ചെയ്തത് നിയമാനുസൃതമാണെന്നും അവര്‍ ചൂണ്ടികാണിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി ദേശീയ പതാകയെ അപമാനിച്ചതിനെതിരെ  ട്വിറ്ററില്‍ മുഖ്യമന്ത്രി അപലപിച്ചു .