സാമ്പത്തിക തട്ടിപ്പിന് ഊര്‍ജ്ജം പകര്‍ന്നത് നോട്ട് അസാധുവാക്കല്‍ : മമത ബാനര്‍ജി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th February 2018 03:40 PM  |  

Last Updated: 18th February 2018 03:40 PM  |   A+A-   |  

 

കൊല്‍ക്കത്ത : പഞ്ചാബ് നാഷണല്‍ ബാങ്കിലെ കോടികളുടെ ബാങ്ക് തട്ടിപ്പിന് ഊര്‍ജ്ജം പകര്‍ന്നത് നോട്ട് അസാധുവാക്കല്‍ പരിഷ്‌കാരമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. നോട്ട് പരിഷ്‌കരണ സമയത്തെ തട്ടിപ്പുകാര്‍ സമര്‍ത്ഥമായി വിനിയോഗിക്കുകയായിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ അടക്കം ഈ സമയത്ത് നടന്നു. 

നോട്ട് അസാധുവാക്കല്‍ സമയത്ത് പ്രധാനപ്പെട്ട ബാങ്ക് ഉദ്യോഗസ്ഥരെല്ലാം മാറ്റപ്പെട്ടു. നിരവധി ബാങ്കുകള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രമാണ്. മുഴുവന്‍ സത്യവും പുറത്തുവരുമെന്നും മമത പ്രതീക്ഷ പ്രകടിപ്പിച്ചു. 

കര്‍ഷകര്‍ ബാങ്കുകളെ സമീപിക്കുമ്പോള്‍ വായ്പ നിഷേധിക്കപ്പെടുന്നു. എന്നാല്‍ വിഐപി കസ്റ്റമേഴ്‌സ് രാജ്യത്തെ കൊള്ളയടിക്കുകയാണ്. ചെറുകിട ബിസിനസ് നടത്തുന്ന സ്വയം സഹായ സംഘങ്ങള്‍ക്ക് പോലും ബാങ്കുകള്‍ വായ്പ നിഷേധിക്കപ്പെടുമ്പോഴാണ് നീരവ് മോദിയെപ്പോലുള്ളവര്‍ കോടികള്‍ തട്ടിയെടുക്കുന്നതെന്നും മമത അഭിപ്രായപ്പെട്ടിരുന്നു.