ആസിഡ് ആക്രമണത്തിന് ഇരയായ യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമം: ബിജെപി നേതാവിനെതിരെ കേസ്
By സമകാലിക മലയാളം ഡെസ്‌ക്ക് | Published: 19th February 2018 05:24 PM |
Last Updated: 19th February 2018 05:24 PM | A+A A- |

ഭോപ്പാല്‍: ആസിഡ് ആക്രമണത്തിന് ഇരയായ യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കേസില്‍ ബിജെപി നേതാവിനെതിരെ കേസ്. സംഭവത്തെ തുടര്‍ന്ന് മന്ത്രിക്ക് തുല്യമായ പദവി വഹിച്ചിരുന്ന രാജേന്ദ്ര നാംദേവിനെ സിലായ് കദായി ബോര്‍ഡിന്റെ വൈസ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മധ്യപ്രദേശ് സര്‍ക്കാര്‍ നീക്കി. പ്രതിഷേധം ശക്തമായ പശ്ചാത്തലത്തില്‍ നാംദേവിനെ പാര്‍ട്ടിയില്‍ നിന്നും ബിജെപി പുറത്താക്കി.
2016ല്‍ ഭോപ്പാല്‍ അരീര കോളനിയില്‍ നടന്ന ആസിഡ് ആക്രമണത്തെ അതിജീവിച്ച 25 വയസുകാരിയാണ് നാംദേവിന് എതിരെ പൊലീസില്‍ പരാതി നല്‍കിയത്. നാലുമാസം മുന്‍പ് ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തിയ തന്നെ ബിജെപി നേതാവ് ശാരീരികമായി പീഡിപ്പിക്കുകയും ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ചേര്‍ത്ത് നാംദേവിന് എതിരെ കേസെടുത്തതായി ഹനുമാന്‍ഗഞ്ച് പൊലീസ് സ്റ്റേഷന്‍ അറിയിച്ചു.
നിരവധി ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഞായറാഴ്ച വൈകീട്ടാണ് നാംദേവിനെ സിലായ് കദായി ബോര്‍ഡിന്റെ വൈസ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മധ്യപ്രദേശ് സര്‍ക്കാര്‍ നീക്കിയത്. കോണ്‍ഗ്രസ് പോലെയല്ല തങ്ങളെന്ന് ചൂണ്ടികാണിച്ച് ബിജെപി നേതാവിനെതിരെ ശക്തമായ നടപടി സ്വീകരിച്ചുവെന്ന് പാര്‍ട്ടി വക്താവ് രാജ്‌നിഷ് അഗര്‍വാള്‍ അറിയിച്ചു.