ഗോവ മുഖ്യമന്ത്രിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് വാര്‍ത്തയെഴുതിയ മാധ്യമ പ്രവര്‍ത്തകന് നിയമസഭയില്‍ വിലക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th February 2018 04:57 PM  |  

Last Updated: 19th February 2018 04:57 PM  |   A+A-   |  

parikar

 

പനാജി: ഗോവയില്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകന് നിയമസഭാ മന്ദിരത്തില്‍ വിലക്ക്. ഗോവ ജങ്ഷന്‍ എന്ന ഓണ്‍ലൈന്‍ മാധ്യമത്തിന്റെ റിപ്പോര്‍ട്ടറായ ഹരീഷ് വോള്‍വോയിക്കര്‍ക്കാണ് വിലക്ക് വന്നത്. താന്‍ അകത്തേക്കു കടക്കാനൊരുങ്ങിയപ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടയുകയായിരുന്നെന്ന് ഹരീഷ് പറഞ്ഞു.

മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ ആരോഗ്യസ്ഥിതി മോശമാണെന്ന് രണ്ടു ദിവസം മുമ്പ് ഹരീഷ് വാര്‍ത്ത നല്‍കിയിരുന്നു. പിന്നീട് ഇയാള്‍ ഈ വാര്‍ത്ത പിന്‍വലിക്കുകയും ചെയ്തു. ഇതിനു പിന്നാലെ തിങ്കളാഴ്ച നിയമസഭയുടെ ബജറ്റ് സമ്മേളനം റിപ്പോര്‍ട്ട് ചെയ്യാനെത്തിയപ്പോഴാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞത്.

ഉദ്യോഗസ്ഥര്‍ തന്നെ ബലം പ്രയോഗിച്ചു തടയുകയായിരുന്നുവെന്നാണ് ഹരീഷ് പറയുന്നത്. നിയമസഭാ മന്ദിരത്തില്‍ കടക്കുന്നതിനുള്ള പ്രവേശന പാസുമായാണ് താന്‍ എത്തിയതെന്നും ഹരീഷ് പറഞ്ഞു. പ്രവേശനം നിഷേധിച്ചതിനെച്ചൊല്ലി മാധ്യമ പ്രവര്‍ത്തകനും സുരക്ഷാഉദ്യോഗസ്ഥരുമായി വാക്കേറ്റമുണ്ടായി. പിന്നീട് ഇക്കാര്യം സ്പീക്കര്‍ പ്രമോദ് സാവന്തിന്റെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ ആരാണയാള്‍ എന്നായിരുന്നു പ്രതികരണമെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.