കലാപത്തിന് പ്രേരിപ്പിച്ച ബിജെപി എംപിയെ പ്രതിയാക്കി യോഗി സര്‍ക്കാര്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th February 2018 03:25 PM  |  

Last Updated: 19th February 2018 03:25 PM  |   A+A-   |  

 

ലക്‌നൗ:  ഉത്തര്‍പ്രദേശില്‍ ഭൂമിതര്‍ക്കത്തെ തുടര്‍ന്നുണ്ടായ അക്രമസംഭവത്തില്‍ ബിജെപി എംപിയെ പ്രതിയാക്കി യോഗി സര്‍ക്കാര്‍. ബിജെപി എംപി കമലേഷ് പാസ്വാനും 27 പേര്‍ക്കുമെതിരെയാണ് ഉത്തര്‍പ്രദേശ് പൊലീസ് കേസെടുത്തത്. ഗോരഖ്പൂര്‍ റുസ്താപൂരില്‍ ഭൂമി തര്‍ക്കം അക്രമത്തിലേക്ക് നീങ്ങാന്‍ എംപി ഉള്‍പ്പെടെയുളളവര്‍ കാരണക്കാരായി എന്നതാണ് കേസിനാധാരം.

ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട കേസില്‍ ബന്‍സ്ഗാവോണ്‍ എംപിയായ കമലേശ് പാസ്വാന്‍ ഉള്‍പ്പെടെയുളളവര്‍ക്ക് എതിരെ ഇന്നലെ രാത്രിയാണ് കേസെടുത്തത്. കലാപ പ്രേരണ, ഗൂഡാലോചന ഉള്‍പ്പടെയുളള വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. 

തര്‍ക്ക ഭൂമിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന അതിര്‍ത്തി മതില്‍ തകര്‍ത്തത് എംപിയുടെ അറിവോടുകൂടിയാണെന്ന് എതിര്‍വിഭാഗം ആരോപിക്കുന്നതായി പൊലീസ് പറയുന്നു. സംഭവത്തില്‍ എംപിക്ക് നേരിട്ട് പങ്കില്ലെന്ന് ഒരു വിഭാഗം പൊലീസുകാര്‍ ആരോപിക്കുമ്പോള്‍ , ഇത് നിഷേധിച്ച് എസ്പി സത്യാര്‍ത്ഥ് അനിരുദ്ധ് പങ്കജ് രംഗത്തുവന്നു. മതില്‍ തകര്‍ത്തതില്‍ പാസ്വാന് വ്യക്തമായ പങ്കുണ്ടെന്ന് എസ്പി സ്ഥിരീകരിച്ചു.

എന്നാല്‍ വ്യാജകേസാണ് തനിക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് കമലേഷ് പാസ്വാന്‍ ആരോപിച്ചു.
 

TAGS
bjp yogi