പശുവിന്റെ വയറ്റില്‍ 80 കിലോഗ്രാമിന്റെ പ്ലാസ്റ്റിക് മാലിന്യം; നീക്കം ചെയ്തത് മൂന്ന് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th February 2018 10:57 AM  |  

Last Updated: 20th February 2018 10:59 AM  |   A+A-   |  

cow

 

ക്ഷണം കഴിക്കാത്തതിനെത്തുടര്‍ന്നാണ് ബിഹാര്‍ സ്വദേശിയായ ദീപക് കുമാര്‍ തന്റെ പശുവിനെ മൃഗാശുപത്രിയില്‍ കൊണ്ടുവന്നത്. എന്നാല്‍ പശുവിനെ വയറു പരിശോധിച്ച ഡോക്റ്റര്‍ അതിലെ നിധി കണ്ട് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. 80 കിലോഗ്രാം പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ആറ് വയസുകാരിയായ പശുവിന്റെ വയറ്റിലുണ്ടായിരുന്നത്. പാട്‌നയിലെ ബിഹാര്‍ വെറ്ററിനറി കോളെജില്‍വെച്ച് മൂന്ന് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് മാലിന്യം നീക്കം ചെയ്തത്. 

പശുവിന്റെ വയറ്റിലെ നാല് അറകളിലായി പ്ലാസ്റ്റിക്ക് തിങ്ങി നിറഞ്ഞ നിലയിലായിരുന്നു. ആശുപത്രിയിലെ സര്‍ജറി ആന്‍ഡ് റേഡിയോളജി വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസറായ ഡോ. ജി.ഡി. സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. പശുവിന്റെ വയറ്റില്‍ നിന്ന് ഇത്ര അധികം മാലിന്യം നീക്കുന്നത് ആദ്യമായിട്ടാണെന്നാണ് ജി.ഡി സിങ് പറഞ്ഞു. ശസ്ത്രക്രിയയ്ക്ക് ശേഷം പശുവിനെ ഡിസ്ചാര്‍ജ് ചെയ്തു.

പ്ലാസ്റ്റിക് ഉപയോഗത്തിലെ വര്‍ധനവാണ് ഇത്തരം അപകടങ്ങള്‍ക്ക് കാരണമാകുന്നത്. ബിഹാര്‍ ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ വളര്‍ത്തു മൃഗങ്ങളെ പുറത്ത് അഴിച്ചുവിട്ടാണ് വളര്‍ത്തുന്നത്. വഴിയില്‍ കാണുന്ന പ്ലാസ്റ്റിക് വേസ്റ്റുകള്‍ ഉള്‍പ്പടെയുള്ളവ വയറ്റിലാക്കുന്നതാണ് ഇതിന് കാരണമാകുന്നത്. പശുക്കള്‍ സാധാരണ ഭക്ഷണം വിഴുങ്ങിയതിന് ശേഷം ഇതിനെ വീണ്ടും വായയിലേക്ക് കൊണ്ടുവന്ന് ചവച്ചരച്ച് വിഴുങ്ങുകയാണ് ചെയ്യുന്നത്. എന്നാല്‍ പ്ലാസ്റ്റിക് വയറ്റില്‍ അടിഞ്ഞു കൂടുന്നതോടെ പശുവിന്റെ ദഹനപ്രക്രിയ തകരാറിലാവുകയും ഇത് മരണത്തിന് കാരണമാവുകയും ചെയ്യും.