പിഎന്‍ബി തട്ടിപ്പ്: വിപുല്‍ അംബാനി അറസ്റ്റില്‍; ഇതുവരെ പിടിയിലായത് പതിനൊന്നുപേര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th February 2018 09:34 PM  |  

Last Updated: 20th February 2018 09:34 PM  |   A+A-   |  

 

മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്കില്‍  നടന്ന 11,400 കോടി രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് അംബാനി കുടുംബാഗം അറസ്റ്റില്‍. നീരവ് മോദിയുടെ വജ്രാഭരണ കമ്പനിയായ ഫയര്‍ സ്റ്റാറിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ വിപുല്‍ അംബാനിയെ സിബിഐ അറസ്റ്റ് ചെയ്തു. മുംബൈയില്‍ വച്ചായിരുന്നു അറസ്റ്റ്. കഴിഞ്ഞ ദിവസം ഇയാളെ സിബിഐ ഓഫിസില്‍ വിളിച്ചു വരുത്തി രണ്ടു മണിക്കൂറിലേറെ ചോദ്യം ചെയ്തിരുന്നു. 

ഗീതാഞ്ജലി ഗ്രൂപ്പ് മാനേജര്‍ നിതന്‍ ഷാഹിയേയും മറ്റു നാലു പേരെയും കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതോടെ കേസില്‍ ആകെ അറസ്റ്റിലായവരുടെ എണ്ണം 11 ആയി.  മൂന്നു വര്‍ഷമായി ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ പദവിയിലുള്ള വിപുല്‍ അംബാനി, റിലയന്‍സ് ഇന്‍ഡസ്ട്രീസ് സ്ഥാപക ചെയര്‍മാന്‍ ധീരുഭായ് അംബാനിയുടെ അനുജന്‍ നാഥുഭായ് അംബാനിയുടെ മകനാണ്. വിപുല്‍ അംബാനിയുടെ പാസ്‌പോര്‍ട്ട് സിബിഐ മരവിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്.

കെമിക്കല്‍ എന്‍ജിനീയറിങ് പഠിച്ച ശേഷം റിലയന്‍സ് ഇന്‍!ഡസ്ട്രീസിലാണു വിപുല്‍ അംബാനിയുടെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് മാനേജിങ് ഡയറക്ടറുടെ എക്‌സിക്യൂട്ടീവ് അസിസ്റ്റന്റായി.

2009 വരെ ടവര്‍ ക്യാപിറ്റല്‍ ആന്‍ഡ് സെക്യൂരിറ്റീസ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടറായി. കറോക്‌സ് ടെക്‌നോളജീസ്, കൊണ്ടാന്‍ഗോ ട്രേഡിങ് ആന്‍ഡ് കമ്മോഡിറ്റി എന്ന സ്ഥാപനത്തിലും ഉന്നത പദവികള്‍ വഹിച്ച ശേഷം 2014ലാണു നീരവ് മോദിയുടെ ഫയര്‍ സ്റ്റാര്‍ കമ്പനിയില്‍ ചേര്‍ന്നത്.