ബിഎംഡബ്ലൂ കാര്‍ ഡ്രൈവര്‍ മറാത്തി നടിക്ക് മുന്‍പില്‍ സ്വയംഭോഗം ചെയ്ത് അപമാനിച്ചതായി പരാതി

By സമകാലിക മലയാളം ഡെസ്‌ക്ക്‌  |   Published: 20th February 2018 11:22 AM  |  

Last Updated: 20th February 2018 11:22 AM  |   A+A-   |  

 

ന്യൂഡല്‍ഹി: ആഡംബര കാറായ ബിഎംഡബ്ലുവിന്റെ കാര്‍ ഡ്രൈവറില്‍ നിന്നും ദുരനുഭവമുണ്ടായതായി പ്രമുഖ മറാത്തി നടി ചിന്മയി സുര്‍വി രാഘവന്റെ പരാതി. മുംബൈ റോഡിലുടെ നടന്നുപോകുകയായിരുന്ന തന്റെ മുന്‍പില്‍ ബിഎംഡബ്ലു കാര്‍ ഡ്രൈവര്‍ സ്വയംഭോഗം ചെയ്ത്  അപമാനിച്ചതായി നടിയുടെ ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ 42കാരന്‍ പിടിയിലായതായി പൊലീസ് അറിയിച്ചു. 

മുംബൈ വയില്‍ പാര്‍ലിയിലാണ് നടിക്ക് ദുരനുഭവമുണ്ടായത്. നടി ചിന്മയി സുര്‍വിയുടെ ഭര്‍ത്താവും പ്രമുഖ നടനുമായ സുമിത് രാഘവന്‍  ഭാര്യ നേരിട്ട ദുരനുഭവം ട്വിറ്ററിലുടെ പുറംലോകത്തെ അറിയിക്കുകയായിരുന്നു.  

വൈറ്റ് ബിഎംഡബ്ലൂ കാറില്‍ വന്ന കാര്‍ഡ്രൈവറാണ് തന്റെ ഭാര്യയെ അപമാനിച്ചതെന്ന് ട്വിറ്റില്‍ പറയുന്നു. പാര്‍ലി തിലക് സ്‌കൂളിന് സമീപം വാഹനം പാര്‍ക്ക് ചെയ്ത് പുറത്തിറങ്ങിയ യുവാവ് നടന്നുവരുകയായിരുന്ന തന്റെ ഭാര്യയ്ക്ക് മുന്‍പില്‍ നിന്ന് സ്വയംഭോഗം ചെയ്ത് അപമാനിക്കുകയായിരുന്നു. തല്ലാന്‍ ഭാര്യ ഓങ്ങുന്നതിന് മുന്‍പ് തന്നെ അയാള്‍  രക്ഷപ്പെട്ടതായും ട്വിറ്റില്‍ വിശദീകരിക്കുന്നു. കാറിന്റെ അവസാന നാലു ഡിജിറ്റ്  നമ്പറുകളും വ്യക്തമാക്കി സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ടായിരുന്നു ട്വിറ്റ്.

 

സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായതെന്ന് പൊലീസ് അറിയിച്ചു.