2004ലെ വിജയം 2019ല്‍ സിപിഎമ്മിന് ആവര്‍ത്തിക്കാനാവില്ലെന്ന് പ്രകാശ് കാരാട്ട് 

By സമകാലിക മലയാളം ഡെസ്‌ക്ക്‌  |   Published: 20th February 2018 10:16 AM  |  

Last Updated: 20th February 2018 10:16 AM  |   A+A-   |  

 

ന്യൂഡല്‍ഹി: വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 2004ല്‍ സിപിഎമ്മിന് ലഭിച്ച തെരഞ്ഞെടുപ്പ് വിജയം ആവര്‍ത്തിക്കാന്‍ സാധ്യത ഇല്ലെന്ന് 
 സിപിഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. 2004ല്‍ കേരളത്തില്‍ മാത്രം സിപിഎമ്മിന് 20 ല്‍ 18 സീറ്റ് കിട്ടി.ഇത് ഒരു ഒറ്റപ്പെട്ട സംഭവം ആയിരുന്നു. 2019ല്‍ തെരഞ്ഞടുപ്പ് വിധി എന്തായിരിക്കുമെന്ന് ഇപ്പോള്‍  പറയാന്‍ കഴിയില്ലെന്നും കാരാട്ട് പറഞ്ഞു. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2004 ലേതു പോലെ കേന്ദ്രത്തില്‍ ഒരു മതേതര സര്‍ക്കാര്‍ ഉണ്ടാകുമോ എന്നതാണ് 2019 ല്‍ ഉയരേണ്ട ചോദ്യം. ഇത് മനസില്‍ വച്ചുകൊണ്ടായിരിക്കും തിരഞ്ഞെടുപ്പിന് ശേഷമുള്ള പാര്‍ട്ടിയുടെ സമീപനമെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. 

നിരവധി പ്രാദേശിക പാര്‍ട്ടികളെ ചേര്‍ത്ത് ഒരു മൂന്നാം മുന്നണി ഉണ്ടാക്കാനായിരുന്നു മുന്‍പ് സിപിഎം ശ്രമിച്ചത്. ഇത് വിജയകരമാകില്ലെന്ന് പിന്നിട് മനസിലായി. കാലാനുസൃതമായി പ്രാദേശിക പാര്‍ട്ടികളുടെ സ്വഭാവത്തില്‍ അടക്കം മാറ്റങ്ങള്‍ ദൃശ്യമായി. ബി.ജെപിയെ എതിര്‍ക്കുന്ന കാര്യത്തില്‍ എല്ലാവരും കോണ്‍ഗ്രസിനെക്കുറിച്ചാണ് സംസാരിക്കുന്നത്. എന്നാല്‍ മിക്ക സംസ്ഥാനങ്ങളിലും ബിജെപിക്കെതിരെയുള്ള പോരാട്ടത്തില്‍ കോണ്‍ഗ്രസിനേക്കാള്‍ മുന്നില്‍ നില്‍ക്കുന്നത് പ്രാദേശിക പാര്‍ട്ടികളാണെന്നുള്ളതാണ് സത്യം. അതുകൊണ്ട് തന്നെ ദേശീയ തലത്തില്‍ ഒരു മുന്നണി സംവിധാനത്തെ കുറിച്ച ഇപ്പോള്‍ ഗൗരവപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നില്ല. സംസ്ഥാനതലത്തില്‍ ബിജെപിയെ നേരിടാനാണ് പ്രാദേശിക പാര്‍ട്ടികളെല്ലാം ശ്രമിക്കുന്നതെന്നും പ്രകാശ് കാരാട്ട് കൂട്ടിച്ചേര്‍ത്തു. 

പാര്‍ട്ടിയില്‍ ബംഗാള്‍ ലൈന്‍, കേരള ലൈന്‍ എന്ന വ്യത്യാസം ഇല്ലെന്നും സീതാറാം യെച്ചൂരിയുമായി വ്യക്തിപരമായി യാതൊരു പ്രശ്‌നവുമില്ലെന്നും അദ്ദേഹം പറഞ്ഞു.തിപുരയില്‍ ഇടതുമുന്നണി അധികാരം നിലനിര്‍ത്തുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.