ഗതികെട്ടാല്‍ കേന്ദ്രത്തിനെതിരെ അവിശ്വാസം കൊണ്ടുവരാനും മടിക്കില്ലെന്ന് ചന്ദ്രബാബു നായിഡു 

By സമകാലിക മലയാളം ഡെസ്‌ക്ക്‌  |   Published: 20th February 2018 12:47 PM  |  

Last Updated: 20th February 2018 12:47 PM  |   A+A-   |  

 

അമരാവതി: മോദി സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ തയ്യാറെന്ന് ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു. ദക്ഷിണേന്ത്യന്‍ സംസ്ഥാനത്തിന് നീതി ലഭിക്കാന്‍ മറ്റു പാര്‍ട്ടികള്‍ പിന്തുണയറിയിച്ചാല്‍ ഇതിന് തയ്യാറാവും. എന്നാല്‍ ഇതിനെ അറ്റകൈ പ്രയോഗമായിട്ടാണ് കാണുന്നതെന്നും ചന്ദ്രബാബു നായിഡു വ്യക്തമാക്കി.

അതേസമയം അവിശ്വാസ പ്രമേയം കൊണ്ടുവരണമെന്ന പ്രതിപക്ഷ പാര്‍ട്ടികളായ വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെയും ജന സേനയുടെയും ആവശ്യം നായിഡു തളളികളഞ്ഞു. സംസ്ഥാനത്തിന് അര്‍ഹതപ്പെട്ടത് നേടിയെടുക്കുന്നതിന് വേണ്ടി കേന്ദ്രത്തിന്മേല്‍ സമ്മര്‍ദം ചെലുത്താന്‍ സര്‍വകക്ഷിയോഗം വിളിക്കാന്‍ ചന്ദ്രബാബു നായിഡു പദ്ധതിയിടുന്നതായി പാര്‍ട്ടി വ്യത്തങ്ങള്‍ അറിയിച്ചു.

ഇതിനിടെ ടിഡിപി അവിശ്വാസ പ്രമേയം കൊണ്ടുവരുന്നില്ലായെങ്കില്‍ തങ്ങള്‍ ഇതിന് മുതിരുമെന്ന് വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രസിഡന്റ് വൈ എസ് ജഗന്‍മോഹന്‍ റെഡ്ഡി മുന്നറിയിപ്പ് നല്‍കി. 

കഴിഞ്ഞ കേന്ദ്രബജറ്റില്‍ സംസ്ഥാനത്തിന്റെ വികസനത്തിന് മതിയായ ഫണ്ട് അനുവദിക്കാതിരുന്നതാണ് ബിജെപിയും എന്‍ഡിഎ സഖ്യകക്ഷിയായ ടിഡിപിയും തമ്മിലുളള ബന്ധം വഷളാവാന്‍ ഇടയാക്കിയത്.