ജയ് ഷാക്കെതിരെ വാര്‍ത്ത കൊടുക്കുന്നതിന് വീണ്ടുംവിലക്ക്; കീഴക്കോടതി വിധി ഗുജറാത്ത് ഹൈക്കോടതി റദ്ദാക്കി  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th February 2018 02:32 PM  |  

Last Updated: 20th February 2018 02:33 PM  |   A+A-   |  

 

അഹമ്മദാബാദ്: ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ് ഷായുടെ സാമ്പത്തിക ഇടപാടുകളെപ്പറ്റിയുള്ള കേസിനെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ ദി വയറിനെ അനുവദിച്ചുകൊണ്ടുള്ള കീഴ്‌ക്കോടതി ഉത്തരവ് റദ്ദാക്കി ഗുജറാത്ത് ഹൈക്കോടതി. ജയ് ഷാ നല്‍കിയ ഹര്‍ജിയിന്‍മേലാണ് കോടതി നടപടി. നരേന്ദ്ര മോദിയുടെ ഭരണകാലത്ത് ബിജെപി അധ്യക്ഷന്റെ മകന്റെ പേരിലുള്ള കമ്പനി 16,000 കോടിയുടെ വരുമാന വര്‍ധനവ് ഉണ്ടാക്കിയെന്നായിരുന്നു ദി വയറിന്റെ വാര്‍ത്ത. ഇതിനെതിരെ ജയ് ഷാ നൂറു കോടിയുടെ മാനനഷ്ടക്കേസ് നല്‍കിയിരുന്നു. ഇത് പരിഗണിച്ച അഹമ്മദാബാദ് ജില്ലാ കോടതി, ജയ് ഷായെക്കുറിച്ച് വാര്‍ത്തകള്‍ നല്‍കുന്നതില്‍ നിന്ന് ന്യൂസ് പോര്‍ട്ടലിനെ വിലക്കിയിരുന്നു. 


എന്നാല്‍ പിന്നീട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് ചേര്‍ക്കാതെ ജയ് ഷായുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് തുടര്‍ വാര്‍ത്ത നല്‍കാന്‍ കോടതി ദി വയറിന് അനുമതി നല്‍കിയിരുന്നു. ഇതിനെതിരായണ് ജയ് ഷാ ഹൈക്കോടതിയെ സമീപിച്ചത്. 

ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ദി വയര്‍ വ്യക്തമാക്കി.