ആര്യഭട്ടയുടെ ബുദ്ധിയും ശിവജിയുടെ ശക്തിയുമുളള കുട്ടികളുണ്ടാകാന്‍ ആര്‍എസ്എസിന്റെ കിറ്റ്!

By സമകാലിക മലയാളം ഡെസ്‌ക്ക്‌  |   Published: 21st February 2018 03:47 PM  |  

Last Updated: 21st February 2018 03:47 PM  |   A+A-   |  

 

ന്യൂഡല്‍ഹി: നല്ല ബുദ്ധിയും കഴിവുമുളള കുട്ടികള്‍ വേണമെന്നത് എല്ലാ മാതാപിതാക്കളുടെയും ആഗ്രഹമാണ്. ഗണിത വിദഗ്ധന്‍ ആര്യഭട്ടയുടെ മനസ്സും, റാണാ പ്രതാപ്, ശിവജി എന്നിവരെപ്പോലെ ശക്തിയും ബുദ്ധിയുമുളള കുട്ടികളുണ്ടാകാന്‍ മാതാപിതാക്കള്‍ക്ക് മാര്‍നിര്‍ദേശവുമായി രംഗത്തുവന്നിരിക്കുകയാണ് ആര്‍എസ്എസ്.  ഗുജറാത്ത് ജാംനഗര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആര്‍എസ്എസ് പോഷകസംഘടനയായ ഗര്‍ഭ്‌വിജ്ഞാന്‍ അനുസന്ധാന്‍ കേന്ദ്രമാണ് ഇന്ത്യന്‍ പാരമ്പര്യത്തെ അടിസ്ഥാനമാക്കി മാതാപിതാക്കള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കാന്‍ മുന്നിട്ടിറങ്ങിയിരിക്കുന്നത്.

ന്യൂഡല്‍ഹി ശിശുമന്ദിറില്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന വിഷയത്തില്‍ ഗര്‍ഭ്‌വിജ്ഞാന്‍ അനുസന്ധാനിന്റെ ആഭിമുഖ്യത്തില്‍  സംഘടിപ്പിക്കുന്ന സെമിനാറിലാണ് ഉപദേശം നല്‍കുന്നത്. ഇതിന്റെ ഭാഗമായി കുട്ടികളുടെ വികാസത്തിന് സഹായകമായ  ചരിത്ര പുസ്തകങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്ന മന്ത്രങ്ങള്‍ ഉള്‍പ്പെടുന്ന പുസ്തകങ്ങളും 10 സിഡികള്‍ വീതവും അടങ്ങുന്ന കിറ്റ് മാതാപിതാക്കള്‍ക്ക് വിതരണം ചെയ്യുന്നു. നല്ല കുട്ടികള്‍ ഉണ്ടാകണമെന്ന മാതാപിതാക്കളുടെ ആഗ്രഹത്തിന് ഇന്ത്യന്‍ സംസ്‌കാരത്തിലും മൂല്യങ്ങളിലും ഉത്തരമുണ്ടെന്ന് അനുസന്ധാന്‍ മാനേജര്‍ രേഖ ഗൗര്‍ അവകാശപ്പെടുന്നു.

പ്രസവത്തിന് തൊട്ടുമുന്‍പുളള മൂന്നുമാസ കാലയളവില്‍ സ്ത്രീകള്‍ പരിശീലിക്കേണ്ട കാര്യങ്ങള്‍ ഇത്തരത്തില്‍ വിതരണം ചെയ്ത കിറ്റിലെ പുസ്തകങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ശിവജി, ആര്യഭട്ട, റാണാ പ്രതാപ് തുടങ്ങിയ ചരിത്ര പുരുഷന്മാരെ പോലെ കഴിവും ശക്തിയുമുളള കുട്ടികളെ ലഭിക്കുന്നതിന് ആവശ്യമായ നിര്‍ദേശങ്ങളും ഇവിടെ നല്‍കുന്നുണ്ടെന്നും രേഖ ഗൗര്‍ വ്യക്തമാക്കി. വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘമാണ് സെമിനാറിന് ചുക്കാന്‍  പിടിക്കുന്നത്.
 

TAGS
RSS