ഐഎസുമായി ബന്ധം:പോപ്പുലര്‍ ഫ്രണ്ടിന് നിരോധനം 

By സമകാലിക മലയാളം ഡെസ്‌ക്ക്‌  |   Published: 21st February 2018 01:24 PM  |  

Last Updated: 21st February 2018 01:24 PM  |   A+A-   |  

 

ന്യൂഡല്‍ഹി: ഇസ്‌ലാമിക തീവ്രവാദ സംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ജാര്‍ഖണ്ഡ് സര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ചു. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയിലെ പ്രവര്‍ത്തകരെ ഐഎസ് സ്വാധീനിക്കുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് സംഘടനയുടെ സംസ്ഥാനത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതെന്ന് ജാര്‍ഖണ്ഡ് സര്‍ക്കാര്‍ അറിയിച്ചു. 
സംസ്ഥാന ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം പരിഗണിച്ചാണ് നിരോധനമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു.

സംസ്ഥാനത്തെ പാക്കുര്‍ ജില്ലയില്‍ പോപ്പുലര്‍ ഫ്രണ്ട് വളരെ സജീവമാണ്. കേരളത്തില്‍ രൂപീകരിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് അണികളില്‍ ഐഎസ് സ്വാധീനം സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. മാത്രവുമല്ല കേരളത്തില്‍ നിന്നും ചില പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ സിറിയയില്‍ ഐഎസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതായി ആഭ്യന്തര മന്ത്രാലയം കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യങ്ങള്‍ പരിഗണിച്ച് 1908ലെ ക്രിമിനല്‍ ലോ അമന്‍ഡ്‌മെന്റ് ആക്ട് പ്രകാരമാണ് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ തീരുമാനിച്ചതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനം വര്‍ധിച്ചുവരുന്നതായുളള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി ദിനേഷ് കുമാര്‍ സിങ് അറിയിച്ചു. ന്യൂനപക്ഷങ്ങള്‍ നേരിടുന്ന സാമൂഹ്യപ്രശ്‌നങ്ങള്‍ ഏറ്റെടുക്കാന്‍ പോകുന്നുവെന്ന പോപ്പുലര്‍ ഫ്രണ്ടിന്റെ അവകാശവാദം തെറ്റായ വഴികളിലേക്ക് സംഘടന നീങ്ങാന്‍ പോകുന്നുവെന്നതിന്റെ സന്ദേശമാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും ദിനേഷ് കുമാര്‍ അറിയിച്ചു.