'ടീച്ചറെയും മകളെയും ബലാല്‍സംഗം ചെയ്യുമെന്ന് ഭീഷണി' ; ഏഴാം ക്ലാസ്സുകാരനെ സസ്‌പെന്‍ഡ് ചെയ്തു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st February 2018 03:28 PM  |  

Last Updated: 21st February 2018 03:32 PM  |   A+A-   |  

 

ഗുഡ്ഗാവ്: ടീച്ചറെയും ടീച്ചറുടെ മകളായ സഹപാഠിയെയും ബലാല്‍സംഗം ചെയ്യുമെന്ന് ഏഴാം ക്ലാസുകാരന്റെ ഭീഷണി. ഗുഡ്ഗാവിലെ ഒരു പ്രശസ്ത സ്‌കൂളിലാണ് സംഭവം. ഓണ്‍ലൈന്‍ പോസ്റ്റിലൂടെയാണ് വിദ്യാര്‍ത്ഥി ഭീഷണി മുഴക്കിയത്. കഴിഞ്ഞ ആഴ്ചയിലായിരുന്നു സന്ദേശം പോസ്റ്റ് ചെയ്തത്. 

ഭീഷണി സന്ദേശം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന്, ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ സ്‌കൂളില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതായി സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തിയിരുന്നു. ഇത്തരം വിഷയങ്ങളില്‍ യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്നാണ് സ്‌കൂളിന്റെ നിലപാടെന്ന് സസ്‌പെന്‍ഷന്‍ തീരുമാനം വിശദീകരിച്ച മാനേജ്‌മെന്റ് അറിയിച്ചു. 

ഭീഷണി സന്ദേശം ലഭിച്ച ടീച്ചര്‍ സ്‌കൂളില്‍ ജോലിക്കെത്തി. അതേസമയം ഭീഷണിക്കിരയായ വിദ്യാര്‍ത്ഥിനി ഇതുവരെ സ്‌കൂളിലെത്തിയിട്ടില്ല. ഭീഷണി മുഴക്കിയ വിദ്യാര്‍ത്ഥിയുടെ ക്ലാസ്സില്‍ പഠിക്കുന്ന കുട്ടിയ്ക്ക് ഇതേവരെ ഭയപ്പാട് മാറിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. 

അതേസമയം ഈ സ്‌കൂളിലെ മറ്റൊരു വിദ്യാര്‍ത്ഥി കാന്‍ഡില്‍ലൈറ്റ് ഡേറ്റിംഗും സെക്‌സിനും ക്ഷണിച്ച് ടീച്ചറിന് ഇ മെയില്‍ സന്ദേശം അയച്ചു. ഒരു എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഈ സംഭവത്തിലെ നായകന്‍. സ്‌കൂളിനും കുട്ടികള്‍ക്കും നോട്ടീസ് അയച്ചെന്നും, സംഭവത്തില്‍ സ്വമേധയാ കേസെടുക്കുമെന്നും ശിശുക്ഷേമസമിതി ചെയര്‍പേഴ്‌സണ്‍ ശകുന്തള ദള്‍ അറിയിച്ചു.