അസമിലെ പ്രാദേശിക പാര്‍ട്ടി ബിജെപിയേക്കാള്‍ വേഗത്തില്‍ വളരുന്നു; കരസേനമേധാവിയുടെ പ്രസ്താവന വിവാദത്തില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd February 2018 03:10 PM  |  

Last Updated: 22nd February 2018 03:10 PM  |   A+A-   |  

 

ന്യൂഡല്‍ഹി: ബിജെപിയെ അസമിലെ പ്രാദേശിക പാര്‍ട്ടിയുമായി താരതമ്യം ചെയ്ത് പ്രസ്താവന നടത്തിയ കരസേന മേധാവി വിവാദത്തില്‍. പ്രാദേശിക പാര്‍ട്ടിയായ ആള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് എന്ന പാര്‍ട്ടി അസാമില്‍ ബിജെപിയെക്കാള്‍ വേഗത്തിലാണ് വളരുന്നതെന്ന ബിപിന്‍ റാവത്തിന്റെ പ്രസ്താവനയാണ് വിവാദമായത്. കരസേന മേധാവി രാഷ്ട്രീയം പറയുകയാണെന്ന് ചൂണ്ടികാണിച്ച് എഐയുഡിഎഫ് പ്രതിഷേധവുമായി രംഗത്തുവന്നു.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ കുറിച്ചുളള സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ബിപിന്‍ റാവത്ത്. ജനസംഖ്യയുടെ ചലനശാസ്ത്രം എന്ന വിഷയത്തില്‍ സംസാരിക്കുമ്പോഴായിരുന്നും കരസേന മേധാവിയുടെ വിവാദ പരാമര്‍ശം.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനസംഖ്യ മാറ്റത്തെ കുറിച്ച് പറഞ്ഞു തുടങ്ങിയ കരസേന മേധാവി , പാര്‍ട്ടി താരതമ്യത്തിലേക്ക് കടക്കുകയായിരുന്നു. എഐയുഡിഎഫ് എന്ന പാര്‍ട്ടി അസമില്‍ വര്‍ഷങ്ങളായി ബിജെപിയേക്കാള്‍ വേഗത്തിലാണ് വളരുന്നതെന്ന് ചൂണ്ടികാണിച്ച ബിപിന്‍ റാവത്ത് , ബിജെപിയുടെ വളര്‍ച്ചയുടെ ചരിത്രം വിശദീകരിക്കാനും മറന്നില്ല.രണ്ട് പാര്‍ലമെന്റംഗങ്ങള്‍ മാത്രമുണ്ടായിരുന്ന ബിജെപിയാണ് ഇന്നത്തേ നിലയില്‍ എത്തിയതെന്നും ഓര്‍മ്മിപ്പിച്ചുകൊണ്ടായിരുന്നു ബിപിന്‍ റാവത്തിന്റെ താരതമ്യപഠനം.

ബിജെപിയെ തങ്ങളുമായി താരതമ്യം ചെയ്ത് രാഷ്ട്രീയ പ്രസ്താവന നടത്തിയ ബിപിന്‍ റാവത്തിന്റെ നിലപാടില്‍ ആള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് നടുക്കം രേഖപ്പെടുത്തി. ജനാധിപത്യ, മതനിരപേക്ഷ മൂല്യങ്ങളെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ കരസേന മേധാവി എന്തിന് ഉത്ക്കണ്ഠ പ്രകടിപ്പിക്കുന്നുവെന്ന് എഐയുഡിഎഫ് ചോദിച്ചു. വലിയ പാര്‍ട്ടികളുടെ ദുര്‍ഭരണമാണ് തങ്ങളുടെയും ആംആദ്മി പാര്‍ട്ടിയുടെയും വളര്‍ച്ചയ്ക്ക് ഇടയാക്കിയതെന്നും എഐയുഡിഎഫ് സംസ്ഥാന പ്രസിഡന്റ് ബദറുദ്ദീന്‍ അജ്മല്‍ ട്വിറ്ററില്‍ കുറിച്ചു.