'നീരവ് മോദി തട്ടിപ്പു നടത്തിയപ്പോൾ ജെയ്റ്റ്ലിയും ധനമന്ത്രാലയവും ഉറങ്ങുകയായിരുന്നോ ?' ; കേന്ദ്രസർക്കാരിനെതിരെ സുബ്രഹ്മണ്യൻ സ്വാമി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd February 2018 12:03 PM  |  

Last Updated: 22nd February 2018 12:03 PM  |   A+A-   |  

 

ന്യൂഡൽഹി : നീരവ് മോദി സാമ്പത്തികത്തട്ടിപ്പുകേസില്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിക്കും കേന്ദ്ര ധനമന്ത്രാലയത്തിനും എതിരെ ആഞ്ഞടിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. തട്ടിപ്പുനടക്കുമ്പോള്‍ ധനമന്ത്രാലയവും ജെയ്റ്റ്ലിയും ഉറങ്ങുകയായിരുന്നോ എന്ന് സ്വാമി ചോദിച്ചു. ഇതുസംബന്ധിച്ച റിപ്പോർട്ടുകൾ ധനമന്ത്രാലയത്തിന് മുന്നിലെത്തിയിരുന്നു. ബാങ്കിം​ഗ് മേഖലക്കായി ധനമന്ത്രാലയത്തിൽ പ്രത്യേക സെക്രട്ടറിയുമുണ്ട്. അദ്ദേഹവും ഇതൊന്നും അറിഞ്ഞില്ലേയെന്നും സുബ്രഹ്മണ്യൻ സ്വാമി ചോദിച്ചു. 

കേസില്‍ ധനമന്ത്രാലയത്തിനും റിസര്‍വ് ബാങ്കിനും ഒരുപോലെ വീഴ്ചപറ്റി. നടപടി സ്വീകരിക്കുമെന്ന പതിവുപല്ലവിയല്ലാതെ എന്തു ചെയ്യുമെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‍ലി വിശദീകരിക്കണം. നീരവ് മോദി അമേരിക്കന്‍ പൗരത്വം സ്വീകരിച്ചാലും അമേരിക്കയിലെ നിയമം അനുസരിച്ച് ഇന്ത്യയില്‍ തിരികെയെത്തിക്കാന്‍ വഴികളുണ്ട്. അതു സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകണം. നീരവ് മോദിയുടെ ഇന്ത്യയിലെ സ്വത്തുക്കളെല്ലാം കണ്ടുകെട്ടണമെന്നും സുബ്രഹ്മണ്യൻ സ്വാമി ആവശ്യപ്പെട്ടു. 

കേസ് അന്വേഷണം ബോളിവുഡ് നടി പ്രിയങ്ക ചോപ്രയിലേക്കും നീങ്ങണം. നീരവ് മോദി കമ്പനിയുടെ ആഗോള അംബാസഡറാണ് പ്രിയങ്ക ചോപ്ര. പ്രിയങ്കയെ ചോദ്യം ചെയ്യണമെന്നും സുബ്രഹ്മണ്യൻ സ്വാമി ആവശ്യപ്പെട്ടു. ധനമന്ത്രാലയത്തിനു കഴിയുന്നില്ല എങ്കില്‍, തന്നെ ചുമതലപ്പെടുത്തിയാല്‍ പണം എങ്ങനെ രാജ്യത്ത് തിരിച്ചെത്തിക്കാമെന്ന് കാട്ടിത്തരാമെന്നും സുബ്രഹ്മണ്യൻ സ്വാമി വ്യക്തമാക്കി.