വാജ്‌പേയ് വീണപ്പോള്‍ പ്രധാനമന്ത്രിയാവാന്‍ സോണിയ ആഗ്രഹിച്ചു; കോണ്‍ഗ്രസ് വിട്ടതിന്റെ കാരണം വെളിപ്പെടുത്തി ശരദ് പവാര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd February 2018 02:44 PM  |  

Last Updated: 22nd February 2018 02:44 PM  |   A+A-   |  

sharad-pawar

 

പൂനെ: 1999ല്‍ കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന സോണിയ ഗാന്ധി പ്രധാനമന്ത്രിയാവാന്‍ ആഗ്രഹിച്ചിരുന്നെന്ന് എന്‍സിപി നേതാവ് ശരദ് പവാര്‍. അതുകൊണ്ടാണ് താന്‍ കോണ്‍ഗ്രസ് വിട്ടതെന്നും പവാര്‍ പറഞ്ഞു. 

വാജപേയ് സര്‍ക്കാര്‍ വീണപ്പോള്‍ പ്രധാനമന്ത്രി സ്ഥാനത്തിന് അവകാശവാദമുന്നയിക്കാന്‍ സോണിയ ഒരുങ്ങിയിരുന്നുവെന്ന്, മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന നേതാവ് രാജ് താക്കറെയുമായുള്ള കൂടിക്കാഴ്ചയില്‍ പവാര്‍ പറഞ്ഞു. താനോ മന്‍മോഹന്‍ സിങ്ങോ ആയിരുന്നു അന്നു പ്രധാനമന്ത്രി സ്ഥാനത്തേക്കു പരിഗണിക്കപ്പെടേണ്ടിയിരുന്നത്. എന്നാല്‍ സോണിയ സ്വയം അവകാശവാദം ഉന്നയിക്കുകയായിരുന്നു. അതുകൊണ്ടാണ് താന്‍ പാര്‍ട്ടി വിട്ട് എന്‍സിപി രൂപീകരിച്ചത്- പവാര്‍ പറഞ്ഞു.

അതേസമയം തന്നെ ബിജെപിക്കു ബദലാവാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയുകയുള്ളൂവെന്നും പവാര്‍ അഭിപ്രായപ്പെട്ടു. രാഹുല്‍ ഗാന്ധി ഒട്ടേറെ മാറിയിട്ടുണ്ട്. അതൊരു നല്ല ലക്ഷണമാണ്.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് പവാര്‍ ഉന്നയിച്ചത്. പാര്‍ലമെന്റില്‍ ജവഹര്‍ലാല്‍ നെഹ്‌റുവിനെക്കുറിച്ച് മോദി പറഞ്ഞത്, അദ്ദേഹത്തെപ്പോലെ ഒരു പദവിയിലിരിക്കുന്നയാള്‍ പറയാന്‍ പാടില്ലാത്തതാണ്. കൂടെയുള്ളവരെ വിശ്വാസത്തിലെടുക്കാത്ത നേതാവാണ് മോദിയെന്നും പവാര്‍ കുറ്റപ്പെടുത്തി.