3695 കോടിയുടെ ബാങ്ക് വായ്പ തട്ടിപ്പ്; റോട്ടോമാക് ഉടമ വിക്രം കോത്താരിയും മകനും അറസ്റ്റില്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd February 2018 09:04 PM  |  

Last Updated: 22nd February 2018 09:04 PM  |   A+A-   |  

 

ന്യൂഡല്‍ഹി: 3695 കോടിയുടെ ബാങ്ക് വായ്പ  തട്ടിപ്പ്  നടത്തിയ റോട്ടോമാക് പേന കമ്പനി ഉടമ ഡോ. വിക്രം കോത്താരിയേയും മകന്‍ രാഹുല്‍ കോത്താരിയേയും സിബിഐ അറസ്റ്റ് ചെയ്തു.ഏഴു ബാങ്കുകളില്‍നിന്ന് 2919 കോടി രൂപ വായ്പ എടുത്ത വിക്രം കോത്താരി പലിശയുള്‍പ്പെടെ 3695 കോടി രൂപയുടെ തിരിച്ചടവില്‍ വീഴ്ച വരുത്തിയെന്ന കേസിലാണ് അറസ്റ്റ്. 

വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ട് ബാങ്ക് ഓഫ് ബറോഡ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സി.ബി.ഐ. കേസെടുത്ത് അന്വേഷണം തുടങ്ങിയത്. അലഹാബാദ് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് എന്നിവിടങ്ങളില്‍നിന്നാണ് റോട്ടോമാക് പെന്‍സ് വായ്പയെടുത്തത്. 

837 കോടി രൂപ രണ്ട് ബാങ്കുകളില്‍ നിന്നായി വായ്പയെടുത്ത് തിരിച്ചടവില്‍ ബോധപൂര്‍വമായ വീഴ്ചവരുത്തിയെന്നതാണ് കോത്താരിക്കെതിരായ പ്രധാന പരാതി. 485 കോടി രൂപ മുംബൈയിലെ യൂണിയന്‍ ബാങ്കില്‍നിന്നും 352 കോടി രൂപ കൊല്‍ക്കത്തയിലെ അലഹബാദ് ബാങ്ക് വഴിയുമാണ് വായ്പയെടുത്തത്. എണ്‍പതുകളില്‍ റോട്ടോമാക് പേന നിര്‍മിച്ചുതുടങ്ങിയ കോത്താരിയുടേത് യു.പി.യിലെ വലിയ വ്യവസായ കുടുംബമാണ്. പാന്‍മസാല നിര്‍മാതാക്കളായ പാന്‍ പരാഗിന്റെ ഉടമ ദീപക് കോത്താരി വിക്രം കോത്താരിയുടെ സഹോദരനാണ്. 

പഞ്ചാബ് നാഷണല്‍ ബാങ്കിലെ 11,400 കോടി രൂപയുടെ തട്ടിപ്പ് പുറത്തുവന്നതിന് പിന്നാലെയാണ് വിക്രം കോത്താരിയുടെ കോടികളുടെ തട്ടിപ്പ് പുറംലോകമറിയുന്നത്. എന്നാല്‍, നിയമനടപടികള്‍ സ്വീകരിച്ച് മുന്നോട്ടുപോകുമെന്ന് കോത്താരിയുടെ അഭിഭാഷകന്‍ ശരദ് കുമാര്‍ ബിര്‍ള മാധ്യമങ്ങളോട് പറഞ്ഞു.