കത്രിക കിട്ടിയില്ല;കൈ ഉപയോഗിച്ച് നാട മുറിച്ച് മുരളി മനോഹര്‍ ജോഷിയുടെ ഉദ്ഘാടന പ്രതിഷേധം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd February 2018 09:45 PM  |  

Last Updated: 22nd February 2018 09:45 PM  |   A+A-   |  

 

കാണ്‍പൂര്‍: കൈ ഉപയോഗിച്ച് നാട മുറിച്ച് ഉദ്ഘാടനം ചെയ്ത് മുതിര്‍ന്ന ബിജെപി നേതാവിന്റെ പ്രതിഷേധം. മുതിര്‍ന്ന ബിജെപി നേതാവ് മുരളി മനോഹര്‍ ജോഷിയാണ് സോളാര്‍ ലൈറ്റ് പാനലിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായുളള നാടമുറിയ്ക്കല്‍ ചടങ്ങ്  കത്രിക വൈകിയതിനെ തുടര്‍ന്ന് കൈ ഉപയോഗിച്ച് നിര്‍വഹിച്ചത്. തുടര്‍ന്ന് വീഴ്ച സംഭവിച്ച ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ശകാരിക്കാനും മുരളി മനോഹര്‍ ജോഷി മറന്നില്ല. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയാണ്.

കാണ്‍പൂര്‍ ജില്ലാ കളക്ട്രേറേറ്റ് ഓഫീസിലാണ് സംഭവം. ഓഫീസിലെ സോളാര്‍ ലൈറ്റ് പാനല്‍ ഉദ്ഘാടനം ചെയ്യാന്‍ നിശ്ചയിച്ചിരുന്നത് സ്ഥലത്തെ എംപി കൂടിയായ മുരളി മനോഹര്‍ ജോഷിയെയാണ്. എന്നാല്‍ കൃത്യ സ്മയത്ത് ഉദ്ഘാടനത്തിന്റെ ഭാഗമായി കത്രിക എത്തിക്കുന്നതില്‍ ബന്ധപ്പെട്ടവര്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നായിരുന്നു എംപിയുടെ പ്രതിഷേധം.കൈ ഉപയോഗിച്ച് നാട മുറിച്ച മുരളി മനോഹര്‍ ജോഷി സോളാര്‍ പാനലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചതായും പ്രഖാപിച്ചു. 

തുടര്‍ന്ന് ബന്ധപ്പെട്ടവരെ ശകാരിക്കാനും മുന്‍ കേന്ദ്രമന്ത്രി കൂടിയായ മുരളി മനോഹര്‍ ജോഷി മറന്നില്ല. നിങ്ങളാണോ സംഘാടകര്‍ എന്ന് ബന്ധപ്പെട്ടവരോട് ചോദിച്ച എംപി ഇത് എന്ത് മര്യാദയാണെന്നും ആരാഞ്ഞു. 

സംഭവം സ്ഥിരീകരിച്ച ജില്ലാ മജിസ്‌ട്രേറ്റ് വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അറിയിച്ചു.