യുപിയില്‍ ദളിത് പെണ്‍കുട്ടിയെ ജീവനോടെ കത്തിച്ചു; പ്രതികളെ പിടികൂടാതെ സര്‍ക്കാര്‍

Published: 23rd February 2018 05:34 PM  |  

Last Updated: 23rd February 2018 05:34 PM  |   A+A-   |  

 

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ഉന്നൗ ജില്ലയില്‍ 18കാരിയായ ദളിത് പെണ്‍കുട്ടിയെ അജ്ഞാതര്‍ പെട്രോളൊഴിച്ച് കൊന്നു. വീട്ടില്‍ നിന്നും സൈക്കിളില്‍ പച്ചക്കറി വാങ്ങാനായി പോയ പെണ്‍കുട്ടി വീട്ടിലേക്കു തിരിച്ചുവരുന്നതിനിടെയാണ് കൊല്ലപ്പെട്ടത്. സാഗ്‌വാര്‍ മേഖലയില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. പെണ്‍കുട്ടിയ്ക്കുനേരെ പെട്രോള്‍ ഒഴിച്ചു തീക്കൊളുത്തുകയായിരുന്നെന്നാണ് പ്രാഥമിക പരിശോധനാ റിപ്പോര്‍ട്ടുകള്‍ : 

പെണ്‍കുട്ടിയുടെ കത്തിക്കരിഞ്ഞ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്.വയലു വഴി വരികയായിരുന്ന പെണ്‍കുട്ടി വീടിനടുത്തുവെച്ചാണ് ആക്രമിക്കപ്പെട്ടത്. ആള്‍ത്താമസമില്ലാത്ത സ്ഥലമായതിനാല്‍ പെണ്‍കുട്ടിയുടെ കരച്ചില്‍ ആരും കേട്ടിരുന്നില്ല.
വൈകുന്നേരം ആറുമണിയോടെയാണ് പെണ്‍കുട്ടിയുടെ മൃതശരീരം സംഭവസ്ഥലത്തുവെച്ചു കണ്ടെത്തിയത്. 

ഐ.ജി സുജിത് കുമാര്‍ പാണ്ഡെയുള്‍പ്പെടെയുള്ളവര്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളുമായി സംസാരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേരെ പൊലീസ് ചോദ്യം ചെയ്‌തെങ്കിലും പ്രതികളെ സംബന്ധിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല.