ഗുജറാത്തില്‍ കശാപ്പുകാരും കളളവാറ്റുകാരും ബിജെപിക്ക് എതിരായി വോട്ടുചെയ്തു; ആഭ്യന്തരമന്ത്രി 

By സമകാലിക മലയാളം ഡെസ്‌ക്ക്‌  |   Published: 23rd February 2018 03:32 PM  |  

Last Updated: 23rd February 2018 03:32 PM  |   A+A-   |  

 

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ കശാപ്പുകാരും കളളവാറ്റുകാരും ബിജെപിക്ക് എതിരായി വോട്ടുചെയ്തതായി ആഭ്യന്തരമന്ത്രി പ്രദീപ്‌സിന്‍ഹ് ജഡേജ. ഇതാണ് ബിജെപിയുടെ ഭൂരിപക്ഷം 99 സീറ്റുകളിലേക്ക് ചുരുങ്ങാന്‍ ഇടയാക്കിയതെന്നും പ്രദീപ് സിന്‍ഹ് ജഡേജ വ്യക്തമാക്കി.

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുളള നന്ദിപ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗോഹത്യ നിരോധന നിയമം കൊണ്ടുവന്നതാണ് കശാപ്പുകാര്‍ ബിജെപിക്ക് എതിരാകാന്‍ കാരണം. കളളവാറ്റ്് തടഞ്ഞുകൊണ്ടുളള നിയമം കര്‍ശനമായി നടപ്പിലാക്കിയത്് വ്യാജമദ്യവില്‍പ്പനക്കാര്‍ ബിജെപിയെ എതിര്‍ത്ത് വോട്ടുചെയ്യാനും ഇടയാക്കിയെന്ന് പ്രദീപ് സിന്‍ഹ് ജഡേജ നിയമസഭയില്‍ വിശദീകരിച്ചു.

മുത്തലാഖ് ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത് സംസ്ഥാനത്ത്  ബിജെപിക്ക് തിരിച്ചടിയായതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. ജാതീയ, വര്‍ഗീയ കാര്‍ഡിറക്കിയാണ് കോണ്‍ഗ്രസ് 77 സീറ്റുകള്‍ നേടിയത്. തെരഞ്ഞെടുപ്പിന് മുന്‍പ് 125 സീറ്റുകള്‍ നേടി അധികാരത്തില്‍ വരുമെന്നായിരുന്നു കോണ്‍ഗ്രസിന്റെ അവകാശവാദം. എന്നാല്‍ ഇവരുടെ സീറ്റുനില 77ലേക്ക് ചുരുങ്ങിയെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. 

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കാനും  പ്രദീപ് സിന്‍ഹ് ജഡേജ മറന്നില്ല. തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ രാഹുല്‍ ഗാന്ധി സംസ്ഥാനത്തെ എല്ലാ ക്ഷേത്രങ്ങളും കയറിയിറങ്ങിയിട്ടും കോണ്‍ഗ്രസിന് പ്രയോജനം ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.