പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം: മുതിര്‍ന്ന നേതാവിനെ കോണ്‍ഗ്രസ് പുറത്താക്കി

By സമകാലിക മലയാളം ഡെസ്‌ക്ക്‌  |   Published: 24th February 2018 10:37 AM  |  

Last Updated: 24th February 2018 10:37 AM  |   A+A-   |  

 

മുംബൈ: പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ മുതിര്‍ന്ന നേതാവിനെ കോണ്‍ഗ്രസ് പുറത്താക്കി. മഹാരാഷ്ട്ര കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ സതീഷ് ചതുര്‍വേദിയെയാണ് പുറത്താക്കിയത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പാര്‍ട്ടി വിശദീകരണം തേടിയിരുന്നു. എന്നാല്‍ ഇത് അവഗണിച്ച ചതുര്‍വേദിയെ പുറത്താക്കുകയായിരുന്നു.

2017 നാഗ്പൂര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍  റിബല്‍ സ്ഥാനാര്‍ത്ഥികളെ പിന്തുണച്ചത് അടക്കമുളള നടപടികള്‍ ചൂണ്ടികാണിച്ചാണ് ചതുര്‍വേദിയ്ക്ക് പാര്‍ട്ടിയില്‍ നിന്നും പുറത്തേയ്ക്കുളള വഴിയൊരുക്കിയത്. ജനുവരി 23 ന് ഇതുസംബന്ധിച്ച് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് മുതിര്‍ന്ന നേതാവ് മറുപടി നല്‍കിയില്ലെന്നും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി കൊണ്ടുളള കത്തില്‍ പറയുന്നു. പാര്‍ട്ടിയുടെ ഉന്നതതലത്തില്‍ തന്നെ പുറത്താക്കിയ നടപടി ചോദ്യം ചെയ്യാനാണ് ചതുര്‍വേദിയുടെ നീക്കമെന്ന് അടുത്ത വൃത്തങ്ങള്‍ പറയുന്നു.

1980 മുതല്‍ തുടര്‍ച്ചയായി നിയമസഭയിലെത്തിയ ചതുര്‍വേദി 2009 ലേയും 2014ലേയും തെരഞ്ഞെടുപ്പുകള്‍ ഒഴിച്ചാല്‍ അഞ്ചുതവണ എംഎല്‍എയായിരുന്നു. വിലാസ്‌റാവു ദേശ്മുഖ് മന്ത്രിസഭയില്‍ തൊഴില്‍ മന്ത്രിയായിരുന്നു ചതുര്‍വേദി . സഞ്ജയ് ഗാന്ധിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ചുരുക്കം ചില നേതാക്കളില്‍ ഒരാളായിരുന്നു ചതുര്‍വേദി. അതുകൊണ്ടുതന്നെ ചതുര്‍വേദിയെ പുറത്താക്കിയത് അണികളില്‍ നടുക്കമുണ്ടാക്കിയിട്ടുണ്ട്.