വിവാഹത്തിന് ലഭിച്ച സമ്മാനപ്പൊതി പൊട്ടിത്തെറിച്ച് നവവരനും മുത്തശ്ശിയും മരിച്ചു; അപകടം പൊതി തുറന്നുനോക്കുന്നതിനിടെ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th February 2018 11:17 AM  |  

Last Updated: 24th February 2018 11:17 AM  |   A+A-   |  

fire-hell-inferno-auto-tune

 
 
വിവാഹത്തിന് ലഭിച്ച സമ്മാനപ്പൊതി പൊട്ടിത്തെറിച്ച് നവവരനും മുത്തശ്ശിയും മരിച്ചു. ഗുരുതരമായി പരിക്കേറ്റ വധു ചികിത്സയിലാണ്. സമ്മാനപ്പൊതി തുറന്നു നോക്കുന്നതിനിടെയായിരുന്നു അപകടം. ഒഡീഷയിലെ ബോലംഗീര്‍ ജില്ലയിലാണ് ദാരുണ സംഭവമുണ്ടായത്. 

ഫെബ്രുവരി 18 നാണ് സൗമ്യ ശേഖര്‍ സഹുവും റീമ സഹുവും വിവാഹിതരായത്. തുടര്‍ന്ന് ഫെബ്രുവരി 21 ന് നടന്ന റിസപ്ഷനില്‍ വെച്ചാണ് ചടങ്ങില്‍ പങ്കെടുത്ത അപരിചിതന്‍ സമ്മാനം നല്‍കിയത്. വെള്ളിയാഴ്ച സമ്മാനങ്ങള്‍ നോക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വരന്റെ മുത്തശ്ശി സംഭവസ്ഥലത്തുവെച്ചും വരന്‍ റൂര്‍ക്കിയിലെ ഇസ്പത് ജനറല്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ വധു ബുര്‍ലയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. 

പൊതിയില്‍ സമ്മാനം ഒന്നും ഉണ്ടായിരുന്നില്ലെന്നും പാഴ്‌സല്‍ ബോംബായിരുന്നെന്നും പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. സമ്മാനം നല്‍കിയ ആള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചതായും അവര്‍ വ്യക്തമാക്കി.