സഹപാഠിയുടെ തലയില്‍ സിന്ദൂരമിട്ടു; സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ പേരില്‍ പോക്‌സോ നിയമപ്രകാരം കേസെടുത്ത് അഴിക്കുള്ളിലാക്കി
By സമകാലിക മലയാളം ഡെസ്ക് | Published: 24th February 2018 04:48 PM |
Last Updated: 24th February 2018 04:52 PM | A+A A- |

ഫരീദാബാദ്; സഹപാഠിയുടെ തലയില്‍ സിന്ദൂരമിട്ടതിന് സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ തുടര്‍ന്ന് പോക്‌സോ നിയമത്തിലെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി. ഹരിയാനയിലെ ഫറൂഖ് നഗറിലാണ് സംഭവമുണ്ടായത്.
കഴിഞ്ഞ തിങ്കളാഴ്ച വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. ഇരുവരും ഒരേ സ്‌കൂളിലാണ് പഠിക്കുന്നത്. സ്‌കൂളില്‍ പോകുകയായിരുന്ന പെണ്‍കുട്ടിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ബലം പ്രയോഗിച്ച് ചുവന്ന ചായം തേക്കുകയായിരുന്നെന്നാണ് പരാതി. ഇതിനെത്തുടര്‍ന്ന് പെണ്‍കുട്ടി റോഡിലേക്ക് വീണു. എന്നാല്‍ സിന്ദൂരമല്ല ചുവന്ന പൊടിയാണ് പെണ്‍കുട്ടിയുടെ തലയില്‍ ഇട്ടതെന്നാണ് ആണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ പറയുന്നത്.
ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ മുന്നില്‍ ഹാജരാക്കിയ വിദ്യാര്‍ത്ഥിയെ 14 ദിവസത്തേക്ക് ദുര്‍ഗുണ പരിഹാര പാഠശാലയിലേക്ക് അയക്കാന്‍ വിധിക്കുകയായിരുന്നു. ഒരു ചെറിയ കുറ്റത്തിന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്കൊപ്പം ചേര്‍ന്ന് പൊലീസ് മകനെ ഉപദ്രവിക്കുകയാണെന്ന് ആരോപണവുമായി ആണ്‍കുട്ടിയുടെ വീട്ടുകാര്‍ രംഗത്തെത്തി. സംഭവത്തിന്റെ ചിത്രങ്ങളും തലയിലിട്ട പൊടിയും പരിശോധിച്ചാണ് നടപടിയെടുത്തതെന്നാണ് പൊലീസിന്റെ ഭാഷ്യം. പൊടി എവിടെനിന്നാണ് ലഭിച്ചതെന്നും അന്വേഷിച്ചുവരുകയാണെന്നും അവര്‍ വ്യക്തമാക്കി.