ശ്രീദേവിക്ക് പത്മശ്രീ ലഭിച്ചത് യുപിഎ സര്‍ക്കാരിന്റെ കാലത്ത്; കോണ്‍ഗ്രസിന്റെ ട്വിറ്റിനെ ട്രോളി സോഷ്യല്‍ മീഡിയ

By സമകാലിക മലയാളം ഡെസ്‌ക്ക്‌  |   Published: 25th February 2018 01:04 PM  |  

Last Updated: 25th February 2018 01:06 PM  |   A+A-   |  

 

ന്യൂഡല്‍ഹി: പ്രമുഖ ചലച്ചിത്രതാരം ശ്രീദേവിയുടെ മരണത്തില്‍ അനുശോചിച്ച് ട്വിറ്റ് ചെയ്ത കോണ്‍ഗ്രസിന് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍മഴ. ട്വിറ്റില്‍ ശ്രീദേവിക്ക് പത്മശ്രീ അവാര്‍ഡ് ലഭിച്ചത് യുപിഎ സര്‍ക്കാരിന്റെ കാലത്താണ് എന്ന പരാമര്‍ശമാണ് കോണ്‍ഗ്രസിന് വിനയായത്. കോണ്‍ഗ്രസ് മരണത്തിലും രാഷ്ട്രീയം കളിക്കുന്നുവെന്ന് ആരോപിച്ച് നിരവധി പേര്‍ രംഗത്തുവന്നതോടെ പാര്‍ട്ടി ട്വിറ്റ് പിന്‍വലിച്ചു. തുടര്‍ന്ന് വിവാദഭാഗം നീക്കി വീണ്ടും ട്വിറ്റ് ചെയ്ത് കോണ്‍ഗ്രസ് തടിയൂരി.

ശ്രീദേവിയുടെ മഹത്വവും അവരുടെ വിടവാങ്ങലിന്റെ വ്യാപ്തിയുമാണ് കോണ്‍ഗ്രസ് ട്വിറ്റിന്റെ തുടക്കത്തില്‍ വിവരിക്കുന്നത്. ശ്രീദേവിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയ ശേഷമുളള വരികളിലാണ് വിവാദ പരാമര്‍ശം കടന്നുകൂടിയത്. 2013 ല്‍ ശ്രീദേവിക്ക് പത്മശ്രീ അവാര്‍ഡ് ലഭിച്ചത് യുപിഎ സര്‍ക്കാരിന്റെ കാലത്താണ് എന്ന പരാമര്‍ശമാണ് വിവാദമായത്. തുടര്‍ന്ന് ട്വിറ്റിനെ ട്രോളി നിരവധിപേര്‍ രംഗത്തെത്തുകയായിരുന്നു. 

നെഹ്‌റു പ്രധാനമന്ത്രിയായിരുന്ന കാലത്താണ് ശ്രീദേവി ജനിച്ചത് എന്ന് പറയാതിരുന്നത് ഭാഗ്യമായി പോയെന്ന് പ്രമുഖ ട്വിറ്റര്‍ ഹാന്‍ഡിലായ ഗബ്ബര്‍ സിങ് പരിഹസിച്ചു. 

 

ശ്രീദേവിയുടെ മരണത്തെ വരെ രാഷ്ട്രീയവത്ക്കരിക്കുന്നതില്‍ കോണ്‍ഗ്രസിന് ലജ്ജ തോന്നുന്നില്ലെയെന്നാണ് രവീന്ദ്ര ജഡേജ ചോദിക്കുന്നത്. അങ്ങനെ നിരവധി കമന്റുകള്‍  വിമര്‍ശനമായി ഒന്നിന് പുറകേ ഒന്നായി രംഗത്തുവന്നതോടെയാണ് കോണ്‍ഗ്രസ് ട്വിറ്റ് പിന്‍വലിച്ചത്.