അമ്മയുടെ മുഖച്ഛായയില്ല: എഐഡിഎംകെ ഹെഡ്ക്വാട്ടേഴ്‌സിന് മുന്നിലെ പ്രതിമ മാറ്റാന്‍ തമിഴ്‌നാട് സര്‍ക്കാര്‍

By സമകാലികമലയാളം ഡെസ്‌ക്  |   Published: 26th February 2018 08:43 PM  |  

Last Updated: 26th February 2018 08:43 PM  |   A+A-   |  

jayaghjghj

ചെന്നൈ: മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ വെങ്കല പ്രതിമക്ക് ജയലളിതയുടെ മുഖസാദൃശ്യമില്ലെന്ന പരാതിയെ തുടര്‍ന്ന് പ്രതിമ മാറ്റാന്‍ എഐഎഡിഎംകെ തീരുമാനിച്ചു. പ്രതിമ അനാച്ഛാദനം കഴിഞ്ഞതിനു പിന്നാലെ തന്നെ ഇതിനെതിരെ സോഷ്യല്‍മീഡിയയില്‍ വന്‍ വിമര്‍ശനമായിരുന്നു.

ജയലളിതയുടെ എഴുപത്തിയഞ്ചാം ജന്മദിനാഘോഷത്തോട് അനുബന്ധിച്ചാണ് പ്രതിമ സ്ഥാപിച്ചത്. ചെന്നൈയില്‍ എഐഡിഎംകെയുടെ പാര്‍ട്ടി ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ എംജിആറിന്റെ പ്രതിമയ്ക്ക് സമീപമായിരുന്നു ഈ പ്രതിമയും സ്ഥാപിച്ചത്. 2016ല്‍ ആയിരുന്നു ജയലളിത അന്തരിച്ചത്. 

പ്രതിമയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് ജയലളിതയുമായി സാമ്യമില്ലെന്ന ആരോപണവുമായി ട്വീറ്റുകള്‍ വന്നത്. പരിഹാസത്തോടൊപ്പം ജയലളിത അനുയായികള്‍ രോഷപ്രകടനവുമായും രംഗത്തെത്തിയിരുന്നു.

പ്രതിമ നിര്‍മാണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് എട്ട് സെന്ററുകള്‍ നിലനില്‍ക്കെ അയല്‍സംസ്ഥാനമായ ആന്ധ്രാപ്രദേശിലെ ശില്‍പ്പിയെ നിര്‍മാണ പ്രവര്‍ത്തനമേല്‍പ്പിച്ചതിനെതിരെയും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.  'പ്രതിമയുടെ മുഖപ്രകൃതത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുകയും പ്രതിമ പുനര്‍സ്ഥാപിക്കുകയും ചെയ്യും', തമിഴ്‌നാട് മന്ത്രി കെ പാണ്ഡ്യരാജന്‍ പറഞ്ഞു.

ശനിയാഴ്ച്ച നടന്ന പ്രതിമ അനാച്ഛാദന ചടങ്ങില്‍ ശില്‍പിയെ സ്വര്‍ണമോതിരം അണിയിച്ച് പാര്‍ട്ടി ആദരിച്ചിരുന്നു. പ്രതിമക്കായി ചെലവഴിച്ച തുക എത്രയെന്ന് എഐഎഡിഎംകെ വെളിപ്പെടുത്താന്‍ തയ്യാറായിട്ടില്ല.