ആരാണ് ശ്രീദേവിയെ കണ്ടെത്തിയത്? ബോണി കപൂറോ ഹോട്ടല്‍ സ്റ്റാഫോ? ശ്രീദേവിയുടെ അവസാന മണിക്കൂറുകളെ ചൊല്ലി വ്യത്യസ്ത റിപ്പോര്‍ട്ടുകള്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th February 2018 05:09 PM  |  

Last Updated: 26th February 2018 05:13 PM  |   A+A-   |  

sridevi_8

ശ്രീദേവിയുടെ മരണത്തെ ചൊല്ലിയുള്ള ദുരൂഹത അവസാനിക്കുന്നില്ല. ഹോട്ടല്‍ മുറിയില്‍ ബോധരഹിതയായി ശ്രീദേവിയെ കണ്ടെത്തിയത് ഭര്‍ത്താവ് ബോണി കപൂറാണോ, ഹോട്ടല്‍ സ്റ്റാഫാണോ എന്നത് സംബന്ധിച്ച് വ്യത്യസ്ത റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 

ജുമെറ എമറ്റൈറ്റ്‌സ് ടവര്‍ ഹോട്ടലിലായിരുന്ന ശ്രീദേവിയ്ക്ക് സര്‍പ്രൈസ് നല്‍കുന്നതിനായി ഭര്‍ത്താവ് ബോണി കപൂറും മകള്‍ ഖുഷിയും ഇന്ത്യയില്‍ നിന്നും വീണ്ടും ദുബായിലെത്തുകയായിരുന്നു. ശനിയാഴ്ച വൈകുന്നേരം 5.30നായിരുന്നു ഇവര്‍ ദുബായിലെ ശ്രീദേവിയുടെ ഹോട്ടല്‍ മുറിയില്‍ എത്തുന്നത്. 

ഏതാനും മിനിറ്റുകള്‍ നീണ്ട സംസാരത്തിന് ഒടുവില്‍ ഡിന്നറിന് പോകുന്നതിനായി
ഒരുങ്ങാന്‍ ശ്രീദേവി ബാത്ത്‌റൂമിലേക്ക് പോയി. 15 മിനിറ്റുകള്‍ക്ക് ശേഷവും ശ്രീദേവിയില്‍ നിന്നും പ്രതികരണം ഉണ്ടാവാത്തതിനെ തുടര്‍ന്ന് ബാത്ത്‌റൂമിന്റെ വാതില്‍ പൊളിച്ച് അകത്ത് കടക്കുകയായിരുന്നു എന്നും, ബോധമില്ലാതെ കിടക്കുന്ന ശ്രീദേവിയെ ആണ് കാണാന്‍ സാധിച്ചതെന്നുമാണ് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്. 

തുടര്‍ന്ന് ബോണി കപൂര്‍ സുഹൃത്തിനെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തി. 9 മണിയോടെ പൊലീസിലും വിവരമറിയിക്കുകയായിരുന്നു. റാഷിദ് ഹോസ്പിറ്റലില്‍ എത്തിച്ചപ്പോള്‍ മരണം നേരത്തെ സംഭവിച്ചു കഴിഞ്ഞുവെന്ന് ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കിയതായും ഖലീജ് ടൈംസിലെ റിപ്പോര്‍ട്ടില്‍ പറയുന്നു. 

എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായ റിപ്പോര്‍ട്ടാണ് മിഡ് ഡേ പുറത്തുവിടുന്നത്. ബാത്ത്‌റൂമില്‍ ബോണി കപൂറല്ല, ഹോട്ടല്‍ സ്റ്റാഫാണ് ശ്രീദേവിയെ കണ്ടെത്തിയതെന്നാണ് മിഡ് ഡേയിലെ റിപ്പോര്‍ട്ട്. അവസാന മണിക്കൂറുകളില്‍ ശ്രീദേവി ഒറ്റയ്ക്കായിരുന്നു എന്ന് പേര് വെളിപ്പെടുത്താത്ത ഹോട്ടല്‍ സ്റ്റാഫ് പറഞ്ഞതായും വാര്‍ത്തയില്‍ പറയുന്നു.

രാത്രി 10.30ടെ വെള്ളം ആവശ്യപ്പെട്ട് റൂം സര്‍വീസിലേക്ക് ശ്രീദേവിയുടെ കോള്‍ എത്തി. 15 മിനിറ്റിനുള്ളില്‍ വെള്ളവുമായി എത്തിയെങ്കിലും നിരവധി തവണ ഡോര്‍ബെല്‍ അടിച്ചിട്ടും പ്രതികരണം ഉണ്ടായില്ല. ദുരൂഹത തോന്നിയതിനെ തുടര്‍ന്ന് വാതില്‍ തുറന്ന് അകത്ത് കടക്കുകയും ബാത്‌റൂമില്‍ നിലത്ത് ബോധമില്ലാതെ കിടക്കുന്ന നിലയില്‍ അവരെ കണ്ടെത്തുകയായിരുന്നു എന്നും മിഡേയില്‍ പറയുന്നു. രാത്രി 11 മണിയോടെ അടുത്തപ്പോഴായിരുന്നു അത്. കണ്ടെത്തുമ്പോള്‍ അവര്‍ക്ക് പള്‍സ്  ഉണ്ടായിരുന്നതായും  മിഡ് ഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.