ഇന്ത്യ-പാക് യുദ്ധവേളയില്‍ 15 കാരനായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജ്യത്തിനായി രക്തസാക്ഷിത്വം വരിച്ചു : മോഹന്‍ ഭാഗവത്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th February 2018 05:01 PM  |  

Last Updated: 26th February 2018 05:01 PM  |   A+A-   |  


 


മീററ്റ്: കരസേനയേക്കാള്‍ വേഗത്തില്‍ പ്രവര്‍ത്തകരെ സംഘടിപ്പിക്കാന്‍ ആര്‍എസ്എസിന് കഴിയുമെന്ന വിവാദ പരാമര്‍ശത്തിന് പിന്നാലെ വീണ്ടും ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് വിവാദകുരുക്കില്‍. 1971ലെ ഇന്ത്യ പാക്ക് യുദ്ധ സമയത്ത് അതിര്‍ത്തി രക്ഷാ സേനയെ സഹായിക്കുന്നതിനിടെ കൗമാരക്കാരനായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രക്തസാക്ഷിയായിയെന്ന മോഹന്‍ ഭാഗവതിന്റെ വെളിപ്പെടുത്തലാണ് വിവാദമാകുന്നത്. മീററ്റില്‍ ഒരു ലക്ഷം വരുന്ന ആര്‍എസ്എസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടയിലാണ് മോഹന്‍ ഭാഗവതിന്റെ വിവാദ പരാമര്‍ശം.


ഇന്ത്യ പാക്ക് യുദ്ധകാലത്ത് പതിനൊന്നാം ക്ലാസില്‍ പഠിച്ചിരുന്ന പതിനഞ്ചുവയസുകാരനായ ആദിവാസി യുവാവാണ് അതിര്‍ത്തി രക്ഷാ സേനയെ സഹായിക്കുന്നതിനിടെ ശത്രുക്കളുടെ വെടിയേറ്റ് മരിച്ചതെന്ന് മോഹന്‍ ഭാഗവത് വെളിപ്പെടുത്തുന്നു. പശ്ചിമ ബംഗാളിലെ റെയ്ഗാഞ്ച് ജില്ലയിലാണ് സംഭവം. സൈനികര്‍ അടങ്ങുന്ന മറ്റു ബറ്റാലിയനുകള്‍ എത്തുന്നതിന് മുന്‍പ് വെടിമരുന്ന് നിറച്ചിരുന്ന കാര്‍ട്ടണുകള്‍ സൈനിക പോസ്റ്റുകളില്‍ എത്തിക്കാന്‍ സഹായിക്കാനായിരുന്നു ആര്‍എസ്എസുകാരനായ ബാലനോട് സൈനിക ഉദ്യോഗസ്ഥര്‍ അഭ്യര്‍ത്ഥിച്ചത്. ഇതനുസരിച്ച് രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നതിനിടയിലാണ് കൗമാരക്കാരന്  ജീവന്‍ നഷ്ടപ്പെട്ടതെന്ന്് മോഹന്‍ ഭാഗവത് അനുസ്മരിച്ചു. 

അക്കാലത്ത് പാക്കിസ്ഥാന്‍ അതിര്‍ത്തിയിലെ സൈനികനീക്കങ്ങള്‍  അറിയിക്കാനും പതിനഞ്ചുകാരനെ സൈന്യം ഉപയോഗിച്ചിരുന്നു. ഒരുദിവസം കിഴക്കന്‍ പാക്കിസ്ഥാനില്‍ നിന്നും അതിര്‍ത്തി ലംഘിച്ച് പാക് സൈന്യം ഇന്ത്യയിലേക്ക് കടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പതിനഞ്ചുകാരന്‍ മനസാന്നിധ്യം കൈവിടാതെ കുതിച്ചെത്തി ഇന്ത്യന്‍ സൈന്യത്തെ വിവരം അറിയിക്കുകയായിരുന്നു. ആര്‍എസ്എസ് മേധാവി വ്യക്തമാക്കി.