നടി ശ്രീദേവിയുടെ മരണം അപകടമരണമെന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ട്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th February 2018 04:27 PM  |  

Last Updated: 26th February 2018 04:36 PM  |   A+A-   |  

 

ദുബായി : നടി ശ്രീദേവിയുടേത് അപകടമരണമെന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ട്. ഹോട്ടലിലെ ബാത്ത്ടബില്‍ മുങ്ങിമരിച്ചതാണെന്ന് റിപ്പോര്‍ട്ട്. 'ആക്‌സിഡന്റല്‍ ഡ്രോണിംഗ്' എന്നാണ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ശ്വാസകോശത്തില്‍ വെള്ളം കയറിയതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. ബോധരഹിതയായി ബാത്ത്ടബില്‍ വീണപ്പോള്‍ വെള്ളം ശ്വാസകോശത്തില്‍ കയറിയതാണെന്നാണ് വിലയിരുത്തല്‍. അപകടത്തില്‍ അസ്വാഭാവികതയില്ലെന്നാണ് പൊലീസിന്റെ കണ്ടെത്തലെന്നാണ് സൂചന. 

ശ്രീദേവിയുടെ മരണം ഹൃദയാഘാതം മൂലമാണെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ട്. ശ്രീദേവിയുടെ ജഡം ബന്ധുക്കളെ അധികൃതര്‍ കാണിച്ചിരുന്നു. ശ്രീദേവിയുടെ ജഡത്തില്‍ പുറമേ യാതൊരു മുറിവുകളോ, പരുക്കുകളോ ഇല്ലായിരുന്നു എന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അസ്വാഭാവിക മരണമല്ലെന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്നതോടെ,  ശ്രീദേവിയുടെ മൃതദേഹം ഇന്നു രാത്രിയോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി രാജ്യത്തെത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ശ്രീദേവിയുടെ ആന്തരികാവയവങ്ങളുടെയും രക്ത സാമ്പിളുകളുടെയും പരിശോധനകള്‍ പൊലീസ് ശേഖരിച്ച് വിശദമായ പരിശോധന നടത്തിയിരുന്നു. നേരത്തെ ശ്രീദേവി ഹൃദയാഘാതം മൂലം മരിച്ചെന്നായിരുന്നു ഭര്‍ത്താവ് ബോണി കപൂര്‍ ട്വീറ്റ് ചെയ്തിരുന്നത്. 


ബന്ധുവും ഹിന്ദി സിനിമാ നടനുമായ മോഹിത് മര്‍വയുടെ വിവാഹച്ചടങ്ങില്‍ സംബന്ധിക്കാനാണ് ശ്രീദേവി കുടുംബസമേതം യു.എ.ഇ.യിലെത്തിയത്. വ്യാഴാഴ്ച റാസല്‍ഖൈമയിലെ വാള്‍ഡോര്‍ഫ് അസ്റ്റോറിയ എന്ന നക്ഷത്ര ഹോട്ടലിലായിരുന്നു വിവാഹാഘോഷം.  ചടങ്ങുകള്‍ക്കുശേഷം അവിടെനിന്ന് മടങ്ങിയ ശ്രീദേവി ദുബായിലെ എമിറേറ്റ്സ് ടവേഴ്സ് ഹോട്ടലിലാണ് താമസിച്ചത്. ഇവിടെ വെച്ചായിരുന്നു ശ്രീദേവിയുടെ ആകസ്മിക മരണം സംഭവിച്ചത്.