ഫോറന്‍സിക് റിപ്പോര്‍ട്ടിനുളള കാത്തിരിപ്പ് തുടരുന്നു; നടി ശ്രീദേവിയുടെ മൃതദേഹം ഇന്ന് മുംബൈയിലെത്തിക്കും

ചലച്ചിത്ര താരം ശ്രീദേവിയുടെ മൃതദേഹം ഇന്ന് മുംബൈയിലെത്തിക്കും
ഫോറന്‍സിക് റിപ്പോര്‍ട്ടിനുളള കാത്തിരിപ്പ് തുടരുന്നു; നടി ശ്രീദേവിയുടെ മൃതദേഹം ഇന്ന് മുംബൈയിലെത്തിക്കും

മുംബൈ: ചലച്ചിത്ര താരം ശ്രീദേവിയുടെ മൃതദേഹം ഇന്ന് മുംബൈയിലെത്തിക്കും.ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിക്കുകയും മറ്റു നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്ത ശേഷമാകും മൃതദേഹം കൊണ്ടുവരിക. ഇന്ന് ഉച്ചയ്ക്കു ശേഷം സംസ്‌കാരം നടക്കുമെന്നാണ് റിപ്പോര്‍ട്ട്.

അനില്‍ അംബാനിയുടെ സ്വകാര്യ ജറ്റ് വിമാനത്തിലാണ് മൃതദേഹം ഇന്ത്യയിലെത്തിക്കുകയെന്നാണ് റിപ്പോര്‍ട്ട്. ദുബായിലെ ജനറല്‍ ഡിപ്പാര്‍ട്ടമെന്റ് ഓഫ് ഫോറന്‍സിക് എവിഡന്‍സില്‍ പോസ്റ്റ്‌മോര്‍ട്ടം അടക്കമുള്ള നടപടികള്‍ ഇന്നലെ പൂര്‍ത്തിയായിരുന്നു. ഇതിന്റെ റിപ്പോര്‍ട്ടുകള്‍ ലഭിക്കാന്‍ വൈകിയതിനാലാണ് ഞായറാഴ്ച മൃതദേഹം ഇന്ത്യയിലെത്തിക്കാന്‍ സാധിക്കാതിരുന്നത്. ഇന്ന് രാവിലെയോടെ റിപ്പോര്‍ട്ട് ലഭിക്കുമെന്നാണ് കരുതുന്നത്.

എല്ലാ പരിശോധനകളും കൃത്യമാക്കി പരിപൂര്‍ണമായ റിപ്പോര്‍ട്ട് നല്‍കാനുള്ള ദുബായ് പോലീസിന്റെയും ഗവണ്‍മെന്റിന്റെയും തീരുമാനപ്രകാരമാണ് രക്തസാമ്പിളുകളുടെ കൂടി പരിശോധന നടത്താന്‍ തീരുമാനമായത്. അത് വരുന്നതുവരെ മോര്‍ച്ചറിയിലെ ഫ്രീസറിലാണ് മൃതദേഹം സൂക്ഷിക്കുന്നത്. മൃതദേഹം മറ്റുള്ളവരെ കാണിക്കുന്നതിനും കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരുന്നത്. ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ആരെയും മൃതദേഹം കാണിക്കരുതെന്ന കര്‍ശന നിര്‍ദേശം മോര്‍ച്ചറി ജീവനക്കാര്‍ക്ക് നേരത്തേതന്നെ ലഭിച്ചിരുന്നു. അതുകൊണ്ട് തന്നെ ആരെയും കാണാന്‍ അനുവദിച്ചതുമില്ല. 

രക്തസാമ്പിളുകളുടെ പരിശോധനയ്ക്കുശേഷം ഫോറന്‍സിക് ലബോറട്ടറിയില്‍ നിന്ന് അനുകൂല സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ മാത്രമേ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ബര്‍ ദുബായ് പോലീസ് സ്‌റ്റേഷന്‍ മരണ സര്‍ട്ടിഫിക്കറ്റ് നല്‍കുകയുള്ളൂ. ഇത് കിട്ടിയാല്‍ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്ന് പാസ്‌പോര്‍ട്ട് റദ്ദാക്കണം. തുടര്‍ന്ന് മൊഹൈസിനയിലെ എംബാമിങ് സെന്ററില്‍നിന്ന് മൃതദേഹം എംബാം ചെയ്തശേഷം മാത്രമേ വിമാനത്തില്‍ കയറ്റാന്‍ കഴിയുകയുള്ളൂ. ഫോറന്‍സിക് ലാബിന്റെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മറ്റു നടപടികളെല്ലാം പെട്ടെന്ന് പൂര്‍ത്തിയാക്കാനാവുമെന്നും ഉച്ചതിരിഞ്ഞ് തന്നെ മൃതദേഹം അയയ്ക്കാനാവുമെന്നുമുള്ള പ്രതീക്ഷയിലാണ് എല്ലാവരും.

ശനിയാഴ്ച രാത്രി 11.30 നാണ് ദുബൈയില്‍ വെച്ച് ഹൃദയസ്തംഭനം മൂലം ശ്രീദേവി മരിച്ചത്. ബോളിവുഡ് നടനും ബന്ധുവുമായ മോഹിത് മാര്‍വയുടെ വിവാഹ സത്കാരത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഭര്‍ത്താവ് ബോണി കപൂറും മകള്‍ ഖുഷിയും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com