ശ്രീദേവിയുടെ രക്തത്തില്‍ കൂടിയ അളവില്‍ മദ്യത്തിന്റെ അംശം ; ഫോറന്‍സിക് റിപ്പോര്‍ട്ട് ബന്ധുക്കള്‍ക്ക് കൈമാറി

ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചതോടെ ശ്രീദേവിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറുന്നതിനുള്ള സാങ്കേതിക തടസ്സം നീങ്ങി
ശ്രീദേവിയുടെ രക്തത്തില്‍ കൂടിയ അളവില്‍ മദ്യത്തിന്റെ അംശം ; ഫോറന്‍സിക് റിപ്പോര്‍ട്ട് ബന്ധുക്കള്‍ക്ക് കൈമാറി


ദുബായ് : അന്തരിച്ച നടി ശ്രീദേവിയുടെ രക്തത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്തിയതായി ഫോറന്‍സിക് റിപ്പോര്‍ട്ട്. മരണസമയത്ത് ശ്രീദേവിയുടെ രക്തത്തില്‍ മദ്യത്തിന്റെ അളവ് കൂടിയ തോതില്‍ ഉണ്ടായിരുന്നതായി ഫോറന്‍സിക് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഫോറന്‍സി റിപ്പോര്‍ട്ട് ബന്ധുക്കള്‍ക്ക് അധികൃതര്‍ കൈമാറി. ശ്രീദേവി ഹോട്ടലിലെ ബാത്ടബില്‍ മുങ്ങിമരിച്ചതാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. 

ആക്‌സിഡന്റല്‍ ഡ്രോണിംഗ് എന്നാണ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ശ്വാസകോശത്തില്‍ വെള്ളം കയറിയതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. ബോധരഹിതയായി ബാത്ത്ടബില്‍ വീണപ്പോള്‍ വെള്ളം ശ്വാസകോശത്തില്‍ കയറിയതാണെന്നാണ് വിലയിരുത്തല്‍. അപകടത്തില്‍ അസ്വാഭാവികതയില്ലെന്നും ദുബായ് പൊലീസ് വിലയിരുത്തുന്നു. 

ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചതോടെ ശ്രീദേവിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറുന്നതിനുള്ള സാങ്കേതിക തടസ്സം നീങ്ങി. മരണത്തില്‍ ബന്ധുക്കളോ സുഹൃത്തുക്കളോ ഏതെങ്കിലും തരത്തില്‍ സംശയം പ്രകടിപ്പിക്കുകയാണെങ്കില്‍ ദുബായ് പൊലീസ് കേസെടുത്ത് അന്വേഷിക്കും. ഇത്തരത്തില്‍ ഒരു പരാതി പൊലീസിന് ഇതുവരെ ലഭിച്ചിട്ടില്ല. അതിനാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്നുതന്നെ ശ്രീദേവിയുടെ മൃതദേഹം ഇന്ത്യയിലെത്തിച്ചേക്കുമെന്നാണ് സൂചന. 

മരണ സര്‍ട്ടിഫിക്കറ്റ് ബന്ധുക്കള്‍ക്ക് ലഭിച്ചുകഴിഞ്ഞു. ഇനി കോണ്‍സുലേറ്റില്‍ പാസ്‌പോര്‍ട്ടും വിസയും റദ്ദുചെയ്യുന്ന നടപടികളാണ് ഉള്ളത്. ഇത് റദ്ദുചെയ്തുകഴിഞ്ഞാല്‍ പൊലീസ് ഫൊറന്‍സിക് വിഭാഗം ശ്രീദേവിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും. ഇവിടെ നിന്നും സോനാപൂരിലെ എംബാമിങ് സെന്ററിലേക്കാകും മൃതദേഹം കൊണ്ടുപോകുക. അര മണിക്കൂറിനകം എംബാമിങ് നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കും. രാത്രി എട്ടുമണിയോടെ ശ്രീദേവിയുടെ മൃതദേഹം മുംബൈയിലേക്ക് കൊണ്ടുപോകാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. 


ബന്ധുവും ഹിന്ദി സിനിമാ നടനുമായ മോഹിത് മര്‍വയുടെ വിവാഹച്ചടങ്ങില്‍ സംബന്ധിക്കാനാണ് ശ്രീദേവി കുടുംബസമേതം യു.എ.ഇ.യിലെത്തിയത്. വ്യാഴാഴ്ച റാസല്‍ഖൈമയിലെ വാള്‍ഡോര്‍ഫ് അസ്റ്റോറിയ എന്ന നക്ഷത്ര ഹോട്ടലിലായിരുന്നു വിവാഹാഘോഷം.  ചടങ്ങുകള്‍ക്കുശേഷം അവിടെനിന്ന് മടങ്ങിയ ശ്രീദേവി ദുബായിലെ എമിറേറ്റ്സ് ടവേഴ്സ് ഹോട്ടലിലാണ് താമസിച്ചത്. ഇവിടെ വെച്ചായിരുന്നു ശ്രീദേവിയുടെ ആകസ്മിക മരണം സംഭവിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com