കോടികള്‍ തട്ടിയ നീരവ് മോദിയെ പാപ്പരായി പ്രഖ്യാപിക്കാന്‍ അമേരിക്കയില്‍ കേസ് 

Published: 27th February 2018 07:58 PM  |  

Last Updated: 27th February 2018 07:58 PM  |   A+A-   |  

Nirav-Modi-5hjhj

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 11,400 കോടി രൂപയുടെ തട്ടിപ്പ് നടത്തി രാജ്യം വിട്ട വിവാദ വജ്ര വ്യാപാരി നീരവ് മോദിയെ പാപ്പരായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് യുഎസ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. മോദിയുടെ ഉടമസ്ഥതയിലുള്ള ഫയര്‍ സ്റ്റാര്‍ ഡയമണ്ട് കമ്പനിയാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. അമ്പത് ദശലക്ഷം മുതല്‍ 100 ദശലക്ഷം ഡോളര്‍ വരെ കടമുണ്ടെന്നും അതിനാല്‍ പാപ്പരായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് ന്യൂയോര്‍ക്കിലെ കോടതിയെ സമീപിച്ചിരിക്കുന്നത്.

നീരവ് മോദിയും അമ്മാവനായ മേഹുല്‍ ചോക്‌സിയും ചേര്‍ന്ന് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 11,400 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. നീരവ് മോദിയുടേയും അമ്മാവന്റെയും മുഴുവന്‍ സ്വത്തുക്കളും ഏറ്റെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ നടപടി തുടങ്ങി. രാജ്യം വിട്ട നീരവ് മോദി ഇപ്പോള്‍ ഒളിവിലാണ്. സി.ബി.ഐയാണ് ഇത് സംബന്ധിച്ച കേസ് അന്വേഷിക്കുന്നത്.