പാസ്റ്ററെയും സംഘത്തെയും ബസില്‍ കയറി മര്‍ദിച്ചു, അക്രമം മതപരിവര്‍ത്തനം ആരോപിച്ച്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th February 2018 10:31 AM  |  

Last Updated: 27th February 2018 10:31 AM  |   A+A-   |  

hindu

 

ബേട്ടിയ: ബിഹാറില്‍ ക്രിസ്ത്യന്‍ പുരോഹിതന്‍ ഉള്‍പ്പെട്ട സംഘത്തിനു നേരെ സംഘപരിവാര്‍ അക്രമം. ബസില്‍ സഞ്ചരിക്കുകയായിരുന്ന സംഘത്തിനു നേരെയായിരുന്നു ആക്രമണം. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.

പാസ്റ്റര്‍ ഉള്‍പ്പെടെ ബസില്‍ സഞ്ചരിക്കുകയായിരുന്ന ഇരുപതു നേര്‍ക്കുനേരെയാണ് മതപരിവര്‍ത്തനം ആരോപിച്ച് ആക്രമണമുണ്ടായത്. സംഘത്തില്‍ ഉണ്ടായിരുന്ന ഒരു സ്ത്രീ ബസിലെ മറ്റൊരു യാത്രക്കാരനുമായി നടത്തിയ സംഭാഷണത്തില്‍നിന്നാണ് പ്രശ്‌നങ്ങളുടെ തുടക്കം. തന്നെ നിര്‍ബന്ധപൂര്‍വം മതം മാറ്റുകയായിരുന്നുവെന്ന് സ്ത്രീ ഇയാളോടു പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് ഇയാള്‍ പുറത്തുള്ള ആളുകളെ ഫോണില്‍ വിവരം അറിയിക്കുകയായിരുന്നു.

ബസ് ബേട്ടിയ സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ ബസില്‍ പിന്തുടര്‍ന്നെത്തിയ സംഘം അകത്തേക്കു കയറി ആക്രണം നടത്തുകയായിരുന്നു. പാസ്റ്ററേയും കൂടെയുണ്ടായിരുന്നവരെയും അക്രമി സംഘം മര്‍ദിച്ച് അവശരാക്കി. ഇവര്‍ ബൈക്കില്‍ തന്നെ  തിരിച്ചുപോവുകയും ചെയ്തു.

സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ബേട്ടിയ പൊലീസ് അറിയിച്ചു. സംഭവം അറിഞ്ഞയുടന്‍ പൊലീസ് പ്രവര്‍ത്തിച്ചിട്ടുണ്ട്. അലംഭാവമൊന്നുമുണ്ടായിട്ടില്ലെന്ന് എസ്പി അറിയിച്ചു. അക്രമികളെ കണ്ടെത്താന്‍ അവരുമായി സംസാരിച്ചുവെന്നു പറയുന്ന സ്ത്രീയില്‍നിന്ന് വിവരം ശേഖരിച്ചുവരികയാണെന്നും എസ്പി പറഞ്ഞു.