പോക്കറ്റടിക്കാരെ പിടിക്കാന്‍ യുവതി പുറകെ ഓടി; ഭാര്യയെ ആക്രമണത്തില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിച്ച ഭര്‍ത്താവ് കുത്തേറ്റു മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th February 2018 12:49 PM  |  

Last Updated: 27th February 2018 12:52 PM  |   A+A-   |  

knife

 

ന്യൂഡല്‍ഹി: മോഷണം തടയാന്‍ ശ്രമിച്ച യുവാവിനെ നാല് മോഷ്ടാക്കള്‍ റോഡിലിട്ട് കുത്തിക്കൊന്നു. ബസില്‍ മോഷണം നടത്തിയ പോക്കറ്റടിക്കാരെ പിടിക്കാന്‍ പുറകെ ഓടിയ ഭാര്യയെ ആക്രമത്തില്‍ നിന്ന് രക്ഷിക്കുന്നതിനിടെയാണ് 25 കാരനായ അമര്‍ജിത്തിന് കുത്തേറ്റത്. ഡല്‍ഹിയില്‍ ഞായറാഴ്ച വൈകുന്നേരമാണ് സംഭവമുണ്ടായത്. 

ഭാര്യ മഞ്ജുവിനും സഹോദരനും നാലു വയസുകാരനായ മകനുമൊപ്പം ഡല്‍ഹി മൃഗശാല സന്ദര്‍ശിച്ച് ബസ്സില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു അമര്‍ജീത്. ബസ്സില്‍ ഇരിക്കുന്ന സമയത്ത് ഭര്‍ത്താവിന്റെ ഫോണ്‍ നാല് പേര്‍ ചേര്‍ന്ന് മോഷ്ടിച്ച് ബസ്സില്‍ നിന്ന് ഇറങ്ങിയോടുന്നത് മഞ്ജു കണ്ടു. മോഷ്ടാക്കളെ പിടിക്കാന്‍ അവര്‍ പുറകെ ഓടി. 50 മീറ്ററോളം പിന്തുടര്‍ന്ന് ഇവര്‍ നാലു പേരില്‍ ഒരാളെ പിടിച്ചു. ഇയാളെ വിട്ടു കിട്ടാന്‍ ബാക്കി മൂന്ന് പേര്‍ ആദ്യം മഞ്ജുവിനെ കത്തികൊണ്ട് ആക്രമിച്ചു. എന്നാല്‍ ഇയാളെ വിടാന്‍ മഞ്ജു തയാറായില്ല. ഇയാളുടെ പിടി വിടാതെ തന്നെ അവര്‍ മോഷ്ടാക്കളോട് പൊരുതി. ഇത് കണ്ട് ഭാര്യയെ രക്ഷിക്കാനായി ഓടി വന്ന അമര്‍ജിത്തിനെ മോഷ്ടാക്കളില്‍ ഒരാള്‍ നെഞ്ചില്‍ കുത്തുകയായിരുന്നു. 

സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റു ചെയ്തു. നാലാമന്‍ ഒളിവില്‍ പോയെന്നും ഇവന് വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി. ഇയാളുടെ കൈയില്‍ അമര്‍ജിത്തിന്റെ ഫോണിരിക്കുന്നത്. ഉത്തര്‍പ്രദേശ് സ്വദേശിയായ അമര്‍ജിത്ത് ഡല്‍ഹിയില്‍ വാടകയ്ക്ക് താമസിക്കുകയാണ്.