മോദിയുടെ വിദേശയാത്രകളുടെ വിവരങ്ങള്‍ വെളിപ്പെടുത്തണം; കേന്ദ്രത്തിന് വിവരാവകാശ കമ്മിഷന്‍ നിര്‍ദേശം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th February 2018 02:03 PM  |  

Last Updated: 27th February 2018 02:03 PM  |   A+A-   |  

modi

 

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ യാത്രകളുടെ വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് കേന്ദ്ര വിവരാവകാശ കമ്മിഷന്‍. പ്രധാനമന്ത്രി വിദേശയാത്രകള്‍ക്കായി ചെലവഴിച്ച തുക എത്രയെന്ന് സര്‍ക്കാര്‍ വിവരാവകാശ നിയമപ്രകാരം വെളിപ്പെടുത്തണമെന്ന് കമ്മിഷന്‍ ഉത്തരവിട്ടു.

പ്രധാനമന്ത്രിയുടെ വിദേശയാത്രാ ഇനത്തില്‍ എയര്‍ ഇന്ത്യക്ക് എത്ര രൂപ ചെലവായി എന്ന് വ്യക്തമാക്കാന്‍ വിദേശമന്ത്രാലയത്തിനോട്  കമ്മിഷന്‍ നിര്‍ദ്ദേശിച്ചു. 2014 മുതല്‍ 2017വരെയുള്ള കാലത്ത് എയര്‍ ഇന്ത്യ വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്ത് മോദി നടത്തിയ യാത്രകളുടെ വിവരങ്ങള്‍ നല്‍കാനാണ് നിര്‍ദ്ദേശം. 

മോദിയുടെ യാത്രാചിലവുകള്‍ അറിയണമെന്നാവശ്യപ്പെട്ട് കമ്മഡോര്‍ ലോകേഷ് ബത്ര നല്‍കിയ വിവരാവകാശ അപേക്ഷയിലാണ് കമ്മിഷന്റെ നിര്‍ദ്ദേശം. വിവരങ്ങള്‍ നല്‍കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാട് കമ്മിഷന്‍ തള്ളി.

പ്രധാനമന്ത്രിയുടെ യാത്ര സംബന്ധിച്ച വിവരങ്ങള്‍ വിവിധ ഇടങ്ങളില്‍ വ്യത്യസ്ത ഫയലുകളിലായി ചിതറിക്കിടക്കുകയാണ്. പല ബില്ലുകളും വിമാനക്കമ്പനികളില്‍നിന്നും ലഭിച്ചിട്ടില്ലെന്നും ഇവ കണ്ടെത്തി മറുപടി നല്‍കാന്‍ വളരെയധികം പരിശ്രമം വേമൈന്നുമായിരുന്നു  വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നത്. എയര്‍ ഇന്ത്യയ്ക്ക് ഇനിയും തുക നല്‍കാനുണ്ടെന്നും  യാത്രകളുടെ ബില്ലുകള്‍ തങ്ങളുടെ കൈവശമില്ലന്നും  വിദേശകാര്യ മന്ത്രാലയം വിശദീകരിച്ചിരുന്നു.