പ്രശാന്ത് കിഷോര്‍ ബിജെപിക്കൊപ്പം പോയിട്ടില്ല; വാര്‍ത്തകള്‍ നിഷേധിച്ച് ഐപിഎസി

By സമകാലിക മലയാളം ഡെസ്‌ക്ക്‌  |   Published: 27th February 2018 09:12 PM  |  

Last Updated: 27th February 2018 09:12 PM  |   A+A-   |  

 

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ വീണ്ടും ബിജെപിക്കൊപ്പം ചേര്‍ന്നെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഇന്ത്യന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി. പ്രശാന്ത് കിഷോര്‍ നേതൃത്വം നല്‍കുന്ന സംഘടനയാണിത്. 

അടുത്തിടെ പ്രശാന്ത് കിഷോര്‍ ബിജെപി നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഈ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് പ്രശാന്ത് ബിജെപിയുടെ തട്ടകത്തിലെത്തിയെന്ന വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍ ഇതില്‍ സത്യമില്ലെന്ന് ഐപിഎസിയിലെ ഒരു മുതിര്‍ന്ന അംഗം പറയുന്നു.

രാജ്യത്തെ എല്ലാ പ്രമുഖ പാര്‍ട്ടി നേതാക്കളുമായും പ്രശാന്ത് കൂടിക്കാഴ്ച നടത്തുന്നുണ്ട് എന്നും ബിജെപി നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ പ്രത്യേകതയൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. 

2014 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ മോദിയെ അധികാരത്തിലെത്തിച്ചത് പ്രശാന്ത് കിഷോറിന്റെ തന്ത്രങ്ങളായിരുന്നു. അതിന് ശേഷം ബിജെപിയുമായി തെറ്റിപ്പിരിഞ്ഞ പ്രശാന്ത്, ബിഹാറില്‍ കോണ്‍ഗ്രസിന്റെ മഹാസഖ്യത്തിന് വേണ്ടി പ്രവര്‍ത്തിച്ചിരുന്നു.