റാഫേല്‍ കരാറില്‍ മോദി മാറ്റം വരുത്തുമ്പോള്‍ പരീക്കര്‍ മീന്‍ വാങ്ങുകയായിരുന്നെന്ന് രാഹുല്‍ ഗാന്ധി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th February 2018 10:54 AM  |  

Last Updated: 27th February 2018 10:54 AM  |   A+A-   |  

rahul_gandhi

 

സാന്തത്തി (കര്‍ണാടക): റാഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രി മാറ്റം വരുത്തുമ്പോള്‍ പ്രതിരോധമന്ത്രിയായിരുന്ന മനോഹര്‍ പരീക്കര്‍ ഗോവയില്‍ മീന്‍ വാങ്ങുകയായിരുന്നെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കരാറിലെ മാറ്റങ്ങളെക്കുറിച്ച് പ്രതിരോധമന്ത്രിക്ക് സൂചനപോലും ലഭിച്ചിരുന്നില്ലെന്ന് രാഹുല്‍ ആരോപിച്ചു. കര്‍ണാടക തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് കോണ്‍ഗ്രസ് അധയ്ക്ഷന്‍ കേന്ദ്ര സര്‍ക്കാരാരിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്. 

പ്രധാനമന്ത്രി റഫേല്‍ കരാറില്‍ മാറ്റംവരുത്തുമ്പോള്‍ പരീക്കര്‍ ഗോവയിലെ മാര്‍ക്കറ്റില്‍ മീന്‍ വാങ്ങുകയായിരുന്നു. പ്രതിരോധ രംഗത്തെ സുപ്രധാന ഇടപാടില്‍ എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ അന്നത്തെ പ്രതിരോധ മന്ത്രിയായിരുന്ന പരീക്കര്‍ക്ക് യാതൊരു ധാരണയുമുണ്ടായിരുന്നില്ല രാഹുല്‍ പരിഹസിച്ചു. സാന്തത്തിയിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

റഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് ജെറ്റ് വിമാനങ്ങള്‍ക്ക് ചിലവിട്ട തുക വെളിപ്പെടുത്തുമെന്ന പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്റെ ആദ്യ നിലപാട് മാറിയതിനെയും രാഹുല്‍ഗാന്ധി നേരത്തെ നിശിതമായി വിമര്‍ശിച്ചിരുന്നു. ഈ നിലപാടുമാറ്റത്തെ പരിഹസിച്ചുകൊണ്ട് മുന്‍പ് അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. റഫേല്‍ ഇടപാട് സംബന്ധിച്ച് പാര്‍ലമെന്റില്‍ താന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കൊന്നിനും പ്രധാനമന്ത്രി മറുപടി പറയാന്‍ തയ്യാറായില്ലെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു.

കര്‍ണാടകത്തില്‍ നടക്കുന്ന നിയസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ കടുത്ത ഏറ്റമുട്ടലാണ് നടക്കുന്നത്. നേരത്തെ, രാഹുല്‍ ഗാന്ധി ബിജെപി സര്‍ക്കാരിന് എതിരായി ഉന്നയിക്കുന്ന ചോദ്യങ്ങളെ ബിജെപി അധ്യക്ഷന്‍ അമിത് ഷാ തന്റെ പ്രസംഗത്തില്‍ പരിഹസിച്ചിരുന്നു.