വാഹനമിടിച്ച് ഒമ്പത് കുട്ടികള്‍ മരിച്ചു ; ബിജെപി നേതാവിനെതിരെ കേസെടുത്തു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th February 2018 08:49 AM  |  

Last Updated: 27th February 2018 08:49 AM  |   A+A-   |  

 

പട്ന : വാഹനമിടിച്ച് ഒമ്പത് കുട്ടികള്‍ മരിച്ച സംഭവത്തില്‍ ബിജെപി നേതാവിനെതിരെ പൊലീസ് കേസെടുത്തു. ബീഹാറിലെ സീതാമാർഹി ജില്ല ബിജെപി നേതാവ് മനോജ് ബൈഠയ്ക്കെതിരെയാണ് കേസെടുത്തത്. മുസഫർപൂർ ജില്ലയിൽ ശനിയാഴ്ചയായിരുന്നു സംഭവം. മനോജ് ബൈഠ സഞ്ചരിച്ചിരുന്ന ബോലെറോ ജീപ്പ് ദേശീയപാത മുറിച്ചുകടക്കുകയായിരുന്ന കുട്ടികളെ ഇടിക്കുകയായിരുന്നു. 

ശനിയാഴ്ച ഉച്ചയ്ക്ക് 1.30 നായിരുന്നു സംഭവം. സ്കൂൾ വിട്ട് വീട്ടിലേക്ക് പോകുകയായിരുന്ന ധരംപൂർ സ്കൂളിലെ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. ആറ് പെൺകുട്ടികളും മൂന്ന് ആൺകുട്ടികളുമാണ് മരിച്ചത്. അപകടം നടക്കുമ്പോൾ ബിജെപി നേതാവ് മനോജ് ബൈഠ വാഹനത്തിൽ ഉണ്ടായിരുന്നു. ജീപ്പ് അമിത വേ​ഗതയിലായിരുന്നുവെന്ന് നാട്ടുകാർ ആരോപിച്ചു. 

ജീപ്പിന് മുന്നിൽ ബിജെപിയുടെ കൊടിയും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി മനോജ് ബൈഠ എന്ന ബോർഡും സ്ഥാപിച്ചിരുന്നതായി നാട്ടുകാർ വ്യക്തമാക്കി. അപകടമുണ്ടായശേഷം ബൈഠ വാഹനമുപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. അപകടമുണ്ടായ സ്ഥലത്തെ സി.സി.ടി.വി. ദൃശ്യങ്ങളില്‍നിന്ന് ബൈഠയാണ് വാഹനമോടിച്ചതെന്ന് കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്. അപകടമുണ്ടായതിന്റെ തൊട്ടുപിറകേ രോഷാകുലരായ ജനം ധരംപുര്‍ സ്‌കൂളിലെ അധ്യാപകരെ മര്‍ദിക്കുകയും സ്‌കൂളിലെ കസേരകളും ബെഞ്ചുകളും കത്തിക്കുകയും ചെയ്തിരുന്നു.

എന്നാൽ ആരോപണം ബിജെപി നിഷേധിച്ചു. മനോജ് ബൈഠ എന്നപേരിൽ ഒരു നേതാവ് തങ്ങൾക്കില്ലെന്നാണ് ബിജെപി നേതാവ് ദേവേഷ് ചന്ദ്ര താക്കൂർ വ്യക്തമാക്കിയത്. അപകടത്തില്‍ പരിക്കേറ്റ മറ്റു കുട്ടികള്‍ ചികിത്സയിലാണ്. മരിച്ച കുട്ടികളുടെ കുടുംബത്തിന് നാലുലക്ഷം രൂപ വീതം നല്‍കുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ പ്രഖ്യാപിച്ചു.