ശ്രീദേവിയുടെ മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്‌തേക്കും; ദുബൈ വിടരുതെന്ന് ബോണി കപൂറിനു നിര്‍ദേശം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th February 2018 10:08 AM  |  

Last Updated: 27th February 2018 10:08 AM  |   A+A-   |  

Sridevi

Sridevi

 

ദുബൈ: കഴിഞ്ഞ ദിവസം അന്തരിച്ച നടി ശ്രീദേവിയുടെ മൃതദേഹം വീണ്ടും പോസ്റ്റ് മോര്‍ട്ടം ചെയ്‌തേക്കും. ശ്രീദേവിയുടെ മരണ കാരണത്തെക്കുറിച്ച് ഇനിയും വ്യക്തത വന്നിട്ടില്ലാത്ത സാഹചര്യത്തില്‍ ആവശ്യമെങ്കില്‍ മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യുമെന്ന് ദുബൈ പൊലീസിനെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകള്‍  പറയുന്നു. അതേസമയം ശ്രീദേവിയുടെ ഭര്‍ത്താവും നിര്‍മാതാവുമായ ബോണി കപൂറിനോട് ദുബൈ വിടരുതെന്ന് പൊലീസ് നിര്‍ദേശിച്ചതായും സൂചനകളുണ്ട്.

ശ്രീദേവിയുടെ മരണം ഹോട്ടലിലെ ബാത് ടബ്ബില്‍ മുങ്ങിയാണെന്നാണ് ഫൊറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത് എങ്ങനെ സംഭവിച്ചെവെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. അബോധാവസ്ഥയില്‍ ബാത് ടബില്‍ മുങ്ങുകയും ശ്വാസകോശത്തില്‍ വെള്ളം കയറി മരണം സംഭവിക്കുകയുമായിരുന്നെന്നാണ് പൊലീസ് നിഗമനം. ഇതു സംബന്ധിച്ചു വ്യക്തത വരാത്ത സാഹചര്യത്തിലാണ് മൃതദേഹം വീണ്ടും പോസ്റ്റ് മോര്‍ട്ടം ചെയ്യുന്നതിനുള്ള സാധ്യതകള്‍ പൊലീസ് ആരായുന്നത്. 

ബോണികപൂറിനെയും ദുബൈയിലെ ബന്ധുക്കളെയും കഴിഞ്ഞ ദിവസം പൊലീസ് ചോദ്യം ചെയ്തിരുന്നു. ശ്രീദേവി മരിച്ച ദിവസത്തെ സംഭവങ്ങള്‍ എന്തൊക്കെയായിരുന്നുവെന്നാണ് പൊലീസ് പ്രധാനമായും ചോദിച്ചറിഞ്ഞത്. പൊലീസിന്റെ അനുമതിയില്ലാതെ ദുബൈ വിടരുതെന്ന് ബോണി കപൂറിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് സൂചനകള്‍. 

മൃതദേഹം ഇന്ത്യയിലേക്കു കൊണ്ടുവരുന്നതിന് ഇതുവരെയും ദുബൈ പൊലീസ് അനുമതി നല്‍കിയിട്ടില്ല. ഏതു മരണവും സമഗ്രമായ അന്വേഷിച്ചതിനു ശേഷം മാത്രം ഫയല്‍ ക്ലോസ് ചെയ്യുക എന്നതാണ് ദുബൈയിലെ രീതി. സ്വാഭാവിക മരണം ആണെങ്കില്‍ പോലും ഇത്തരം അന്വേഷണങ്ങള്‍ നടക്കുമെന്ന് ദുബൈയില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു. അസ്വാഭാവിക മരണമെന്നു കണ്ടെത്തിയ സാഹചര്യത്തില്‍ കൂടുതല്‍ അന്വേഷണത്തിന് ദുബൈ പബ്ലിസ് പ്രോസിക്യൂഷനെ ചുമതലപ്പെടുത്തിയതായി പൊലീസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പബ്ലിക് പ്രോസിക്യൂഷനില്‍നിന്നുള്ള അനുമതി കിട്ടിയാല്‍ മാത്രമേ മൃതദേഹം എംബാം ചെയ്യാനുള്ള നടപടികള്‍ തുടങ്ങാനാവൂ.

ശ്രീദേവിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള, റിലയന്‍സ് ഗ്രൂപ്പിന്റെ വിമാനം ദുബൈയില്‍ എത്തിച്ചിട്ടുണ്ട്. ചൊവ്വാഴ്ച തന്നെ മൃതദേഹം വിട്ടുകിട്ടുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കളും ആരാധകരും.