ഹോളി ആഘോഷത്തിനിടെ ശരീരത്തിലേക്ക് ശുക്ലം നിറച്ച ബലൂണ്‍ എറിഞ്ഞു; വിദ്യാര്‍ത്ഥിനിയുടെ പോസ്റ്റ് ചര്‍ച്ചയാകുന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th February 2018 11:34 AM  |  

Last Updated: 28th February 2018 11:34 AM  |   A+A-   |  

holi

 

ന്യൂഡല്‍ഹി: ഹോളി ആഘോഷത്തിനിടെ ഒരു കൂട്ടം പേര്‍ ശുക്ലം നിറച്ച ബലൂണ്‍ ശരീരത്തിലേക്ക് എറിഞ്ഞെന്ന് ആരോപിച്ച് ഡല്‍ഹി യൂണിവേഴിസിറ്റി കോളെജ് വിദ്യാര്‍ത്ഥിനി രംഗത്ത്. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് യുവതി സംഭവം വിവരിച്ചത്. എന്നാല്‍ ഇതിനെക്കുറിച്ച് പരാതി ലഭിക്കാത്തതിനാല്‍ പെണ്‍കുട്ടിയുമായി നേരിട്ട് ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് പൊലീസ്. 

ഫെബ്രുവരി 24 നാണ് തനിക്ക് നേരെയുണ്ടായ അതിക്രമത്തെക്കുറിച്ച് പെണ്‍കുട്ടി തുറന്നു പറഞ്ഞത്. ഭക്ഷണം കഴിക്കാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഡല്‍ഹിയിലെ അമര്‍ കോളനി മാര്‍ക്കറ്റില്‍ എത്തിയതായിരുന്നു. ഭക്ഷണം കഴിച്ച് റിക്ഷയില്‍ കയറി പോകാന്‍ ഒരുങ്ങുമ്പോള്‍ അഞ്ച് പേര്‍ തന്റെ നേരെ ഓടിവന്നു നിറച്ച ബലൂണുകള്‍ എറിഞ്ഞു. അത് എന്റെ ശരീരത്തില്‍ കൊണ്ട് പൊട്ടി അതിലുണ്ടായിരുന്ന വസ്തു വസ്ത്രത്തിലൂടെ ഒഴുകി. പിന്നീട് അത് ഉണങ്ങാന്‍ തുടങ്ങിയപ്പോള്‍ എന്റെ കറുത്ത ലെഗിന്‍സില്‍ വെളുത്ത എന്തോ ഒട്ടിപ്പിടിച്ച് ഇരിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഇത് എന്താണെന്ന് ആദ്യം എനിക്ക് മനസിലാക്കാനായില്ല. ഹോസ്റ്റലില്‍ എത്തിയപ്പോള്‍ മറ്റ് സുഹൃത്തുക്കളാണ് ഇത് ശുക്ലമാണെന്ന് പറഞ്ഞത്. പെണ്‍കുട്ടി പോസ്റ്റില്‍ പറയുന്നു.

അത്തരത്തിലുള്ള ബലൂണുകള്‍ തന്റെ ശരീരത്തില്‍ എറിഞ്ഞപ്പോള്‍ മാര്‍ക്കറ്റിലുണ്ടായിരുന്ന ആരും പ്രതികരിച്ചില്ലെന്നും കുറ്റപ്പെടുത്തി. ഇതിന് മുന്‍പ് തന്റെ നേര്‍ക്കുണ്ടായിട്ടുള്ള അതിക്രമങ്ങളും പെണ്‍കുട്ടി തുറന്നു പറഞ്ഞു. പെണ്‍കുട്ടിയുടെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാവുകയാണ്. ഹോളി ആഘോഷത്തിന്റെ ഇത്തരം അതിക്രമങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് നേരെ നടക്കുന്നത് തടുക്കാന്‍ ക്യാമ്പസിനുള്ളില്‍ സുരക്ഷ ക്രമീകരണങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ് ഡല്‍ഹി യൂണിവേഴ്‌സിറ്റി.