കാഞ്ചി മഠാധിപതി ജയേന്ദ്ര സരസ്വതി അന്തരിച്ചു

 83 വയസ്സായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നാണ് അന്ത്യം
കാഞ്ചി മഠാധിപതി ജയേന്ദ്ര സരസ്വതി അന്തരിച്ചു

ചെന്നൈ :  കാഞ്ചി മഠാധിപതി ശങ്കരാചാര്യ ജയേന്ദ്ര സരസ്വതി സമാധിയായി.  83 വയസ്സായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നാണ് അന്ത്യം. ചെന്നൈയിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു അദ്ദേഹം. 

ശ്വാസ തടസ്സത്തെ തുടര്‍ന്ന് കഴിഞ്ഞ മാസം 15 ന്  തളര്‍ന്നുവീണ അദ്ദേഹത്തെ ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. കാഞ്ചി കാമകോടി പീഠത്തിന്റെ 69 ആമത്തെ മഠാധിപതിയാണ് ജയേന്ദ്ര സരസ്വതി.

1994 ലാണ് ജയേന്ദ്ര സരസ്വതി കാഞ്ചി കാമകോടി പീഠത്തിന്റെ അധിപനാകുന്നത്. മഠാധിപതിയായിരുന്ന ചന്ദ്രശേഖരേന്ദ്ര സരസ്വതിയുടെ പിന്‍ഗാമിയായാണ് ജയേന്ദ്ര സരസ്വതിയുടെ സ്ഥാനാരോഹണം. അതുവരെ അദ്ദേഹം ഇളയ മഠാധിപതിയായി പ്രവര്‍ത്തിച്ചു. ജയേന്ദ്ര സരസ്വതിയുടെ കാലത്താണ് മഠം ആശുപത്രികളും സ്‌കൂളുകളും ആരംഭിച്ച് സന്നദ്ധ സേവന രംഗത്ത് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നത്.
 

2005ല്‍ കാഞ്ചി മഠത്തിന്റെ ഓഡിറ്ററായിരുന്ന ശങ്കരരാമന്റെ വധവുമായി ബന്ധപ്പെട്ട കേസില്‍ ജയേന്ദ്ര സരസ്വതിയെ അറസ്റ്റ് ചെയ്തിരുന്നു. 
രണ്ടു മാസത്തോളം ജുഡീഷ്യൽ കസ്റ്റഡിയിൽ അദ്ദേഹം ജയിൽവാസം അനുഭവിച്ചു. എന്നാൽ 2013ല്‍ പുതുശ്ശേരിയിലെ പ്രത്യേക വിചാരണ കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. അയോധ്യയിലെ രാമജന്മഭൂമി തർക്കം രമ്യമായി പരിഹരിക്കാനുള്ള സമാധാന ശ്രമങ്ങളിലും സ്വാമി ജയേന്ദ്ര സരസ്വതി പങ്കാളിയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com