ത്രിപുര ചുവന്നുതന്നെ; ഇടതുമുന്നണി ഭരണം നിലനിര്‍ത്തുമെന്ന് സീ വോട്ടർ, ഇന്‍ഫോ ഡോട്ട്കോം സർവേഫലങ്ങൾ

ഏറ്റവും കുറഞ്ഞത് 40 സീറ്റ് നേടി ഇടതുമുന്നണി ഭരണം നിലനിര്‍ത്തുമെന്ന് എക്സിറ്റ്പോള്‍ ഫലം വ്യക്തമാക്കുന്നു
ത്രിപുര ചുവന്നുതന്നെ; ഇടതുമുന്നണി ഭരണം നിലനിര്‍ത്തുമെന്ന് സീ വോട്ടർ, ഇന്‍ഫോ ഡോട്ട്കോം സർവേഫലങ്ങൾ

അ​ഗർത്തല : ത്രിപുരയിൽ ഇടതുമുന്നണി ഭരണം നിലനിര്‍ത്തുമെന്ന് എക്സിറ്റ് പോൾ പ്രവചനം. ത്രിപുര ഇന്‍ഫോ ഡോട്ട്കോംഓണ്‍ലൈന്‍ ചാനല്‍ നടത്തിയ സര്‍വേയില്‍ ഇടതുമുന്നണിക്ക് 40നും 49നും ഇടയില്‍ സീറ്റ് ലഭിക്കുമെന്നാണ് പ്രവചനം. മറ്റൊരു ചാനലായ സീ വോട്ടറിന്റെ എക്സിറ്റ് പോൾ പ്രവചനപ്രകാരം ഇടതുമുന്നണി 26 മുതൽ 34 സീറ്റുവരെ നേടുമെന്ന് പ്രവചിക്കുന്നു. 

ബിജെപി സഖ്യകക്ഷികള്‍ക്ക് 10നും 19നും ഇടയില്‍ സീറ്റ് ലഭിക്കുമെന്ന് ഇന്‍ഫോ ഡോട്ട്കോംഓണ്‍ലൈന്‍ ചാനല്‍ പ്രവചിക്കുന്നു. കോണ്‍ഗ്രസിനും തൃണമൂലിനും ഒറ്റ സീറ്റും ലഭിക്കില്ലെന്നും ഇന്‍ഫോ ഡോട്ട്കോം വ്യക്തമാക്കുന്നു. പരമ്പരാഗതമായി കോണ്‍ഗ്രസ് ജയിച്ചിരുന്ന മണ്ഡലങ്ങളിലാണ് ബിജെപി മുന്നേറ്റമെന്നും സർവേ ചൂണ്ടിക്കാട്ടുന്നു. 2013ല്‍ കോണ്‍ഗ്രസ് ജയിച്ച 10 സീറ്റ് ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളിലാണ് ബിജെപി കുതിപ്പ് നടത്തുമെന്ന് പ്രവചിക്കുന്നത്. 

പട്ടികജാതി, പട്ടികവര്‍ഗവിഭാഗങ്ങള്‍ക്ക് സംവരണം ചെയ്തിട്ടുള്ള  29 സീറ്റില്‍ ഇടതുമുന്നണി 18നും 23നും ഇടയില്‍ സീറ്റ് നേടും. ആദിവാസി വിഭാഗങ്ങള്‍ക്കുള്ള 19 സീറ്റില്‍ 15നും 17നും ഇടയില്‍ സീറ്റ് എൽഡിഎഫിനായിരിക്കും. ഏറ്റവും കുറഞ്ഞത് 40 സീറ്റ് നേടി ഇടതുമുന്നണി ഭരണം നിലനിര്‍ത്തുമെന്നും എക്സിറ്റ്പോള്‍ ഫലം വ്യക്തമാക്കുന്നു. 

അതേസമയം കടുത്ത പോരാട്ടം ഇത്തവണ നടക്കുമെന്നാണ് സി വോട്ടര്‍ സര്‍വേ വ്യക്തമാക്കുന്നത്. എങ്കിലും 26 മുതല്‍ 34 സീറ്റുവരെ ഇടതുപക്ഷം നേടുമെന്ന് സി വോട്ടര്‍ പ്രവചിക്കുന്നു. ബിജെപി മുന്നണി 24 മുതല്‍ 32 വരെ സീറ്റ് നേടിയേക്കാം. കോണ്‍ഗ്രസിന് 0 മുതല്‍ രണ്ട് സീറ്റ് വരെ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും സര്‍വേ പ്രവചിക്കുന്നു. 

മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍
മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍

അതേസമയം 25 വര്‍ഷത്തെ ഇടതുഭരണത്തെ തൂത്തെറിഞ്ഞ് ബിജെപി ത്രിപുരയില്‍ അധികാരം പിടിക്കുമെന്നാണ് ന്യൂസ് എക്‌സ്-ജന്‍കി ബാത്, ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നത്. ന്യൂസ് എക്‌സ് 35 മുതല്‍ 45 സീറ്റുവരെ ബിജെപി നേടുമെന്ന് പ്രവചിക്കുന്നു. ഇടതുമുന്നണി 14 മുതല്‍ 23 സീറ്റുകളിലേക്ക് ചുരുങ്ങിപ്പോകും. 

ആക്‌സിസ് മൈ ഇന്ത്യ സര്‍വേ ആകട്ടെ, ബിജെപി-ഐപിഎഫ്ടി സഖ്യം 44 മുതല്‍ 50 സീറ്റ് വരെ നേടി വമ്പന്‍ വിജയം കരസ്ഥമാക്കുമെന്നാണ് പ്രവചിക്കുന്നത്. ഇടതുമുന്നണി 9 മുതല്‍ 15 സീറ്റുകളിലേക്ക് ഒതുങ്ങും. വോട്ട് വിഹിതത്തിന്റെ 49 ശതമാനവും ബിജെപി സഖ്യം നേടുമെന്നും ആക്‌സിസ് മൈ ഇന്ത്യ സര്‍വേ പ്രവചിക്കുന്നു. ത്രിപുരയ്ക്ക് പുറമെ, മേഘാലയ, നാഗാലാന്‍ഡ് സംസ്ഥാനങ്ങളിലും ബിജെപി വെന്നിക്കൊടു പാറിക്കുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നത്. ശനിയാഴ്ചയാണ് ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com