വിവാഹ വേദിയില്‍ കഷണ്ടിയുള്ള വരനെ വേണ്ടെന്ന് വധു: അതേ വേദിയില്‍ വെച്ച് തന്നെ വരന്റെ പ്രതികാരം 

അതേ വിവാഹ വേദിയില്‍ വച്ച് തന്നെ മറ്റൊരു യുവതിയെ കണ്ടെത്തി വിവാഹം ചെയ്താണ് വരന്‍ പകരം വീട്ടിയത്.
വിവാഹ വേദിയില്‍ കഷണ്ടിയുള്ള വരനെ വേണ്ടെന്ന് വധു: അതേ വേദിയില്‍ വെച്ച് തന്നെ വരന്റെ പ്രതികാരം 

ന്യൂഡല്‍ഹി: ന്യൂറോ സര്‍ജനായ കല്യാണപ്പയ്യന് കഷണ്ടിയാണെന്ന് അറിഞ്ഞതോടെ വിവാഹ വേദിയില്‍ വച്ച് വധു പിന്മാറി. വിവാഹ വേദിയില്‍ അതിഥികള്‍ക്ക് ഭക്ഷണം അടക്കം വിളമ്പിയതിന് ശേഷമാണ് വധുവിന്റെ നാടകീയമായ പിന്മാറ്റം. എന്നാല്‍ തോറ്റ് പിന്‍വാങ്ങാന്‍ വരനും തയാറായില്ല. അതേ വിവാഹ വേദിയില്‍ വച്ച് തന്നെ മറ്റൊരു യുവതിയെ കണ്ടെത്തി വിവാഹം ചെയ്താണ് വരന്‍ പകരം വീട്ടിയത്.

ബീഹാറിലെ സിലിഗുരിയിലാണ് വിചിത്രമായ സംഭവം നടന്നത്. ഒരു വര്‍ഷം മുന്‍പാണ് ഡല്‍ഹിയില്‍ ന്യൂറോ സര്‍ജനായി ജോലി ചെയ്യുന്ന ഡോക്ടര്‍ രവി കുമാറും പെണ്‍കുട്ടിയും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. എന്നാല്‍ ഇരുവരും പരസ്പരം കണ്ടിരുന്നില്ല. വിവാഹ ദിവസം വേദിയിലെത്തി ചടങ്ങുകള്‍ ആരംഭിച്ച ശേഷം വരന്‍ തലപ്പാവ് ഊരിയതോടെയാണ് സംഭവങ്ങള്‍ തകിടംമറിഞ്ഞത്. 

വരന്‍ കഷണ്ടിയാണെന്ന് അറിഞ്ഞതോടെ വധു വിവാഹത്തിന് വിസമ്മതിച്ചു. കുടുംബാംഗങ്ങള്‍ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വധു പിന്മാറാന്‍ കൂട്ടാക്കിയില്ല. ഒടുവില്‍ ഗത്യന്തരമില്ലാതെ ഇരുകുടുംബങ്ങളും വിവാഹം ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

എന്നാല്‍ ഇറങ്ങിത്തിരിച്ച സ്ഥിതിയ്ക്ക് വിവാഹിതനായേ വീട്ടിലേക്ക് മടങ്ങിപ്പോകൂ എന്ന് വരന്‍ നിലപാടെടുത്തതോടെ വീട്ടുകാര്‍ കുഴങ്ങി. ഒടുവില്‍ സഹായം അഭ്യര്‍ത്ഥിച്ച് കുമാറിന്റെ കുടുംബം നാട്ടുകൂട്ടത്തെ സമീപിച്ചു. നിര്‍ധന കുടുംബത്തിലെ അംഗമായ നേഹാ കുമാരിയെ വിവാഹം കഴിക്കാന്‍ നാട്ടുകൂട്ടം നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് വധു ഉപേക്ഷിച്ച് പോയ വേദിയില്‍ വച്ച് രണ്ട് ദിവസത്തിന് ശേഷം കുമാര്‍ നേഹാ കുമാരിയെ മിന്നുകെട്ടി. ഇരുവരുടെയും വിവാഹ ഫോട്ടോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com