2019 ലെ തെരഞ്ഞെടുപ്പില്‍ രജനികാന്ത് എന്‍ഡിഎയുടെ സഖ്യകക്ഷിയെന്ന് ബിജെപി

 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രജനികാന്തിന്റെ പുതിയ പാര്‍ട്ടി ബിജെപിയുടെ സഖ്യകക്ഷിയായിരിക്കുമെന്ന് തമിഴ്‌നാട്് ബിജെപി അധ്യക്ഷ തമിളിസൈ സൗന്ദര്‍രാജന്‍ 
2019 ലെ തെരഞ്ഞെടുപ്പില്‍ രജനികാന്ത് എന്‍ഡിഎയുടെ സഖ്യകക്ഷിയെന്ന് ബിജെപി

ചെന്നൈ: രജനികാന്തിന്റെ പുതിയ പാര്‍ട്ടി ബിജെപിയുടെ സഖ്യകക്ഷിയായിരിക്കുമെന്ന് തമിഴ്‌നാട് ബിജെപി അധ്യക്ഷ തമിളിസൈ സൗന്ദര്‍രാജന്‍. ബിജെപിയുടെ ഭാഗമെന്ന് നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും ഈ വാര്‍ത്തക്ക് ബിജെപി അധ്യക്ഷ തന്നെ സ്ഥിരീകരണം നല്‍കിയിരിക്കുകയാണ്. 

രജനി രാഷ്ട്രീയ പ്രവേശനവാര്‍ത്ത പുറത്ത് വിട്ടതിന് പിന്നാലെ സ്വാഗതം ചെയ്ത് ബിജെപി അധ്യക്ഷ രംഗത്തെത്തിയിരുന്നു. ബിജെപി ഉയര്‍ത്തിപ്പിടിക്കുന്ന മുദ്രാവാക്യമാണ് രജനീകാന്തും മുന്നോട്ട് വെക്കുന്നത്. ഞായറാഴ്ച ചെന്നൈയില്‍ നടന്ന ആരാധക സംഗമത്തിലായിരുന്നു രാഷ്ട്രീയ പ്രവേശനം രജനി വ്യക്തമാക്കിയത്. രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത് അധികാര കൊതിക്കൊല്ലെന്നും കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നുമായിരുന്നു രജനിയുടെ നിലപാട്.

രജനിയുടെ രാഷ്ട്രീയ പ്രവേശനത്തെ കമല്‍ഹാസന്‍ അമിതാഭ് ബച്ചന്‍ ഉള്‍പ്പടെ തമിഴ്‌നാട്ടിലെ പ്രധാന പാര്‍ട്ടികളും ഈ തീരുമാനത്തെ സ്വാഗതം ചെയ്തിരുന്നു. അതേ സമയം തന്നെ രജനിയുടെ രാഷ്ട്രീയപ്രവേശനത്തെ എതിര്‍ത്തും ആളുകള്‍ എത്തുന്നുണ്ട്. രജനികാന്ത് തമിഴനല്ല എന്നാണ് വിമര്‍കകരുടെ പ്രധാന വാദം. തമിഴ് സംവിധായകന്‍ എസ്.ആര്‍ പ്രഭാകരന്‍ ആണ് ഇത്തരത്തില്‍ ഒരു വിമര്‍ശനവുമായി പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്.

രജനികാന്ത് സിനിമയില്‍ സൂപ്പര്‍സ്റ്റാര്‍ ആണ്. പക്ഷേ ഒരു തമിഴന്‍ എന്ന നിലയില്‍ അദ്ദേഹത്തിന് വോട്ട് ചെയ്യാന്‍ കഴിയില്ലെന്നും തമിഴ്‌നാട് ഭരിക്കേണ്ടത് തമിഴനാണെന്നും പ്രഭാകരന്‍ ട്വിറ്ററില്‍ ഇട്ട കുറിപ്പില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com