ഗോവധം ആരോപിച്ച് യുപിയില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ ജയിലില്‍ അടച്ചു

പെണ്‍കുട്ടികളെ ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡിന് മുമ്പില്‍ ഹാജരാക്കുന്നതിന് പകരം മറ്റുള്ളവര്‍ക്കൊപ്പം ജില്ലാ കോടതിയില്‍ ഹാജരാക്കുകയായിരുന്നു 
ഗോവധം ആരോപിച്ച് യുപിയില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ ജയിലില്‍ അടച്ചു

മുസഫര്‍പൂര്‍ : പശുവിനെ കൊന്നു എന്നാരോപിച്ച് ഉത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ അടക്കം ഒമ്പതുപേരെ ജയിലില്‍ അടച്ചു. കേസിലെ പ്രധാന പ്രതിയെന്ന് പൊലീസ് ആരോപിക്കുന്ന നസിമുദീന്റെ ഭാര്യയെയും പന്ത്രണ്ടും പതിനാറും വയസുള്ള പെണ്‍മക്കളെയുമാണ് ജയിലിലടച്ചത്.

മുസഫര്‍നഗറിലെ ഖതൗലിയിലാണ് സംഭവം. വെള്ളിയാഴ്ച അറസ്റ്റുചെയ്ത പെണ്‍കുട്ടികളെ ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡിന് മുമ്പില്‍ ഹാജരാക്കുന്നതിന് പകരം മറ്റുള്ളവര്‍ക്കൊപ്പം ജില്ലാ കോടതിയില്‍ ഹാജരാക്കുകയായിരുന്നു. പെണ്‍കുട്ടികള്‍ക്ക് പ്രായപൂര്‍ത്തിയായെന്ന് കാണിച്ചാണ് പൊലീസിന്റെ നടപടി. എന്നാല്‍, പെണ്‍കുട്ടികളുടെ ആധാര്‍ കാര്‍ഡില്‍ ജനിച്ചത് 2001, 2005 വര്‍ഷങ്ങളിലാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. 


പ്രായപൂര്‍ത്തിയാകാത്തവരെ വിലങ്ങണിയിക്കരുതെന്ന നിയമവും ലംഘിച്ചതായി ആക്ഷേപമുണ്ട്. ഇതേത്തുടര്‍ന്ന് നാട്ടുകാര്‍ പ്രതിഷേധിച്ചു. സംഭവം വിവാദമായതോടെ അന്വേഷണത്തിന് ഉത്തരവിട്ടതായി എസ്എസ്പി അജയ് സഹ്‌ദേവ് പറഞ്ഞു. പെണ്‍കുട്ടികള്‍ക്കൊപ്പം ജയിലിലായവരില്‍ രണ്ടുസ്ത്രീകള്‍ കൂടിയുണ്ട്.

പശുവിനെ കൊന്നതിന്റെ പേരില്‍ നസിമുദീനെതിരെ നിരവധി കേസുകളുണ്ടെന്ന് ഖതൗലി പൊലീസ് ഓഫീസര്‍ അംബികപ്രസാദ് ഭരദ്വാജ് പറഞ്ഞു. കശാപ്പിന് ഉപയോഗിക്കുന്ന ഉപകരണങ്ങളും 10 ക്വിന്റല്‍ ഇറച്ചിയും കന്നുകാലികളെയും കണ്ടെത്തിയെന്നും പൊലീസ് വ്യക്തമാക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com