മുത്തലാഖ് ബില്‍ ഇന്നില്ല;  കോണ്‍ഗ്രസുമായി സമവായമുണ്ടാക്കാന്‍ ബിജെപി ശ്രമം

കോണ്‍ഗ്രസിന്റെ കൂടെ പിന്തുണയോടെ ബില്ല് പാസാക്കാനുള്ള ശ്രമങ്ങളാണ് ബിജെപി നടത്തുന്നത്
മുത്തലാഖ് ബില്‍ ഇന്നില്ല;  കോണ്‍ഗ്രസുമായി സമവായമുണ്ടാക്കാന്‍ ബിജെപി ശ്രമം

ന്യൂഡല്‍ഹി: മുത്തലാഖ് ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കുന്നത് നാളത്തേക്ക് മാറ്റും. അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിക്കുന്ന ബാങ്കിങ് മേഖലയെ സംബന്ധിച്ചുള്ള ബില്ലാണ് ആദ്യം ചര്‍ച്ച ചെയ്ത് പാസാക്കുന്നത്. ഇതിന് ശേഷം മുത്തലാഖ് ബില്‍ അവതരിപ്പിക്കാന്‍ സമയമുണ്ടാകില്ല എന്നാണ് സര്‍ക്കാര്‍ വിശദീകരണം. എന്നാല്‍ ബില്ല് സംബന്ധിച്ച് സമവായമാകാത്തതാണ് നാളത്തേക്ക് മാറ്റാനുള്ള കാരണം എന്നറിയുന്നു. കോണ്‍ഗ്രസിന്റെ കൂടെ പിന്തുണയോടെ ബില്ല് പാസാക്കാനുള്ള ശ്രമങ്ങളാണ് ബിജെപി നടത്തുന്നത്. ബില്ല് സംബന്ധിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. 

ബില്ലില്‍ ചര്‍ച്ച വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. രാജ്യസഭയില്‍ പ്രതിപക്ഷ ഭേദഗതികള്‍ പരിഗണിക്കാന്‍ തയ്യാറാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. ബില്‍ സിലക്ട് കമ്മിറ്റിക്ക് വിടണമെന്നാണ് പ്രതിപക്ഷ ആവശ്യം. എന്നാല്‍ ഈ ആവശ്യം സര്‍ക്കാര്‍അംഗീകരിക്കില്ല. മുത്തലാഖ് ജാമ്യമില്ലാ കുറ്റമാക്കുന്ന വ്യവസ്ഥ പിന്‍വലിച്ചാല്‍ പിന്തുണയ്ക്കുമെന്നാണ് കോണ്‍ഗ്രസ് നിലപാട്. 

ഒറ്റയടിക്ക് മൂന്ന് തലാഖ് ചൊല്ലി വിവാഹ ബന്ധം വേര്‍പെടുത്തുന്നത് ക്രിമിനല്‍ കുറ്റവും ജാമ്യമില്ലാ കുറ്റവുമാക്കുന്ന ബില്‍ വ്യാഴാഴ്ചയാണ് ലോക്‌സഭയില്‍ അവതരിപ്പിച്ചത്. പ്രതിപക്ഷം മുന്നോട്ടുവച്ച ഭേദഗതികള്‍ വോട്ടിനിട്ട് തള്ളി അന്നുതന്നെ ബില്‍ പാസാക്കി. രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്ത ബിജെപിക്ക് ബില്‍ പാസാക്കിയെടുക്കുക എന്നത് വലിയ കടമ്പയാണ്.

മുത്തലാഖ് ജാമ്യമില്ലാകുറ്റമാക്കുന്നതിനോടാണ് കോണ്‍ഗ്രസിന് വിയോജിപ്പ്. ബില്ലിനെ എതിര്‍ക്കുന്ന മുസ്‌ലിം ലീഗും ബിജെഡിയും ലോക്‌സഭയില്‍ വോട്ട് ബഹിഷ്‌കരിച്ചിരുന്നു. സിപിഎം, അണ്ണാഡിഎംകെ, ബിഎസ്പി, എസ്.പി, ആര്‍ജെഡി, എന്‍സിപി തുടങ്ങിയ കക്ഷികള്‍ക്കും നിലവില്‍ ബില്‍ പാസാക്കുന്നതിന് എതിരാണ്. തൃണുമൂല്‍ കോണ്‍ഗ്രസ് ബില്ലിന് അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com