'ഷാബാനുകേസില്‍ നിന്നും കോണ്‍ഗ്രസ് ഒന്നും പഠിച്ചില്ല,മുത്തലാഖിലും അവസരം പാഴാക്കി'

മുത്തലാഖ് നിരോധന ബില്ലിന് എതിരായ നിലപാട് സ്വീകരിക്കുന്ന കോണ്‍ഗ്രസിനെ വിമര്‍ശിച്ച് മുന്‍ കേന്ദ്രമന്ത്രി.
'ഷാബാനുകേസില്‍ നിന്നും കോണ്‍ഗ്രസ് ഒന്നും പഠിച്ചില്ല,മുത്തലാഖിലും അവസരം പാഴാക്കി'

ന്യൂഡല്‍ഹി: മുത്തലാഖ് നിരോധന ബില്ലിന് എതിരായ നിലപാട് സ്വീകരിക്കുന്ന കോണ്‍ഗ്രസിനെ വിമര്‍ശിച്ച് മുന്‍ കേന്ദ്രമന്ത്രി. ഷാബാനു കേസില്‍ സ്വീകരിച്ച തെറ്റായ നയം തിരുത്തുന്നതിനുളള സുവര്‍ണ അവസരമായിരുന്ന മുത്തലാഖ് നിരോധന ബില്ല്. എന്നാല്‍ ഈ സുവര്‍ണാവസരം കോണ്‍ഗ്രസ് പാഴാക്കിയതായി രാജീവ് ഗാന്ധി മന്ത്രിസഭയില്‍ അംഗമായിരുന്ന ആരിഫ് മുഹമ്മദ് ഖാന്‍ കുറ്റപ്പെടുത്തി. 

പുതിയ സാഹചര്യത്തില്‍ 1985ലെ കോണ്‍ഗ്രസും ഇപ്പോഴത്തെ പാര്‍ട്ടിയും തമ്മില്‍ ഒരു വ്യത്യാസവുമില്ലെന്ന് പറയാം. ഷാബാനു കേസില്‍ വരുത്തിയ ചരിത്രപരമായ പിശകുകളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് അവസരം മുതലാക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചില്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു.രാജ്യസഭയില്‍ മുത്തലാഖ് നിരോധന ബില്ല് അവതരിപ്പിക്കുന്നത് കോണ്‍ഗ്രസ് തടഞ്ഞ പശ്ചാത്തലത്തിലാണ് മുന്‍ കേന്ദ്രമന്ത്രിയുടെ പ്രതികരണം. ഷാബാനു കേസില്‍ സുപ്രീംകോടതി വിധി മറികടക്കാന്‍ രാജീവ് ഗാന്ധി നടപടികള്‍ സ്വീകരിച്ചതില്‍ പ്രതിഷേധിച്ച് ആരിഫ് മുഹമ്മദ് ഖാന്‍ അന്ന് രാജിവെച്ചിരുന്നു. മുന്‍ പ്രധാനമന്ത്രി നരസിംഹറാവുവും മുന്‍ കേന്ദ്രമന്ത്രി അര്‍ജുന്‍ സിങുമായിരുന്നു രാജീവ് ഗാന്ധിയുടെ തീരുമാനത്തെ ഏറ്റവുമധികം സ്വാധീനിച്ചതെന്നും ആരിഫ് മുഹമ്മദ് ഖാന്‍ വെളിപ്പെടുത്തി. 

മുസ്ലീം വ്യക്തിനിയമബോര്‍ഡിന്റെ ആശീര്‍വാദത്തോടെയാണ് കോണ്‍ഗ്രസ് അന്ന് പ്രവര്‍ത്തിച്ചത്. ഇത് നിരാശപ്പെടുത്തുന്നതായിരുന്നു. പുതിയ നിയമം നടപ്പിലാക്കുമ്പോള്‍ ഇരകളാക്കപ്പെടുന്നവരെ കുറിച്ചുപോലും കോണ്‍ഗ്രസ് ചിന്തിച്ചില്ല. വോട്ടുബാങ്ക് രാഷ്ട്രീയം മാത്രമായിരുന്നു കോണ്‍ഗ്രസ് പരിഗണിച്ചത്. മുത്തലാഖ് നിരോധന ബില്ലിലെ ജയില്‍ ശിക്ഷയെയാണ് കോണ്‍ഗ്രസ് എതിര്‍ക്കുന്നത്. എന്നാല്‍ ജയില്‍ ശിക്ഷ വ്യവസ്ഥ ചെയ്യാതിരുന്നാല്‍ ബില്ല് അപ്രസക്തമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com