എന്‍ജിനീയറെ തട്ടിക്കൊണ്ടുപോയി തോക്കുചൂണ്ടി വിവാഹം കഴിപ്പിച്ചു; കരഞ്ഞുകൊണ്ട് വധുവിന് സമീപം ഇരിക്കുന്ന യുവാവിന്റെ വീഡിയോ പുറത്ത്

ബൊകാരോ സ്റ്റീല്‍ പ്ലാന്റിലെ ജൂനിയര്‍ മാനേജരായ വിനോദ് കുമാറിനെയാണ് വധുവിന്റെ വീട്ടുകാര്‍ തല്ലി വിവാഹം കഴിപ്പിച്ചത്
എന്‍ജിനീയറെ തട്ടിക്കൊണ്ടുപോയി തോക്കുചൂണ്ടി വിവാഹം കഴിപ്പിച്ചു; കരഞ്ഞുകൊണ്ട് വധുവിന് സമീപം ഇരിക്കുന്ന യുവാവിന്റെ വീഡിയോ പുറത്ത്

പാട്‌ന: ബിഹാറില്‍ എന്‍ജിനീയറെ തട്ടിക്കൊണ്ടുപോയി തോക്കുചൂണ്ടി വിവാഹം കഴിപ്പിച്ചു. ബൊകാരോ സ്റ്റീല്‍ പ്ലാന്റിലെ ജൂനിയര്‍ മാനേജരായ വിനോദ് കുമാറിനെയാണ് വധുവിന്റെ വീട്ടുകാര്‍ തല്ലി വിവാഹം കഴിപ്പിച്ചത്. വിനോദിനെ ഭീഷണിപ്പെടുത്തി കല്യാണം കഴിപ്പിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നു. കല്യാണത്തിന്റെ ചടങ്ങുകള്‍ നടക്കുന്നതിനിടെ വരന്‍ കരയുന്നതും ദൃശ്യങ്ങളിലുണ്ട്. 

വധുവിന് വാരണമാല്യം ചാര്‍ത്താന്‍ ബന്ധുക്കള്‍ ഇയാളെ തല്ലുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ വിനോദ് തയാറായില്ല. നിന്നെ തൂക്കിക്കൊല്ലുകയല്ലല്ലോ ഞങ്ങള്‍ വിവാഹം നടത്തുകയല്ലേ. പിന്നെ എന്തിനാണ് വിഷമിക്കുന്നത് എന്നെല്ലാം പെണ്ണിന്റെ വീട്ടുകാര്‍ പറയുന്നതും വീഡിയോയിലുണ്ട്. കരഞ്ഞുകൊണ്ട് പെണ്ണിനൊപ്പം ഇരിക്കുന്ന വിനോദിനെ വധുവിന്റെ വീട്ടുകാര്‍ ആശ്വസിപ്പിക്കുന്നതും കാണാം. 

പറഞ്ഞ ദിവസം വിനോദ് വീട്ടില്‍ എത്താത്തതിനെത്തുടര്‍ന്ന് സഹോദരന്‍ സഞ്ജയ് കുമാര്‍ പൊലീസില്‍ വിവരം അറിയിച്ചു. സഹോദരന്റെ വിവാഹത്തെക്കുറിച്ച് പറഞ്ഞുകൊണ്ട് വന്ന ഫോണ്‍കോളിനെക്കുറിച്ചും സഞ്ജയ് പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കല്യാണം പുറത്തുവന്നത്.

ഡിസംബര്‍ മൂന്നിന് പാട്‌നയിലെ വിവാഹത്തില്‍ പങ്കെടുക്കാനായി ബൊകാരോയില്‍ നിന്ന് ഹാതിയ- പാട്‌ന എക്‌സ്പ്രസില്‍ വിനോദ് കയറി. അവിടെ നിന്ന് വധുവിന്റെ സഹോദരന്‍ സുരേന്ദ്ര യാദവ് വിനോദിനെ നിര്‍ബന്ധിച്ച് മൊകാമയിലേക്ക് കൊണ്ടുപോയി. അവിടെ വെച്ചാണ് സഹോദരനെ ഭീഷണിപ്പെടുത്തി വിവാഹം കഴിപ്പിച്ചതെന്ന് സഞ്ജയ് വ്യക്തമാക്കി. എന്നാല്‍ ഇതിനെക്കുറിച്ച് പരാതിപ്പെട്ടിട്ടും സഹായിക്കാന്‍ പൊലീസ് തയാറായില്ലെന്നും അദ്ദേഹം ആരോപിച്ചു. 

ഗ്രാമത്തില്‍ നിന്ന് വിനോദിനെ രക്ഷിച്ചെങ്കിലും പെണ്‍കുട്ടിയെ സ്വീകരിക്കണം എന്നാവശ്യപ്പെട്ട് ഭീഷണി സന്ദേശം ലഭിക്കുന്നുണ്ടെന്ന് വീട്ടുകാര്‍ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് കുറ്റവാളികള്‍ക്കെതിരേ നടപടിയെടുക്കുമെന്ന് പാട്‌ന പൊലീസ് വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com