യുപിയില്‍ ഹജ്ജ് ഹൗസിന്റെ മതിലിന് കാവിനിറം നല്‍കിയ യോഗി സര്‍ക്കാരിന്റെ തീരുമാനം വിവാദമാകുന്നു

വിധാന്‍ സഭയ്ക്ക് സമീപമുളള ഹജ്ജ് ഹൗസിന്റെ മതിലില്‍ കാവിനിറം പെയിന്റ് ചെയ്തതാണ് വിവാദത്തിന് കാരണം
യുപിയില്‍ ഹജ്ജ് ഹൗസിന്റെ മതിലിന് കാവിനിറം നല്‍കിയ യോഗി സര്‍ക്കാരിന്റെ തീരുമാനം വിവാദമാകുന്നു

ലക്‌നൗ:  ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കാവിനിറത്തോടുളള പ്രിയം പ്രസിദ്ധമാണ്. എന്നാല്‍ ഈ പ്രിയം യോഗി ആദിത്യനാഥ് സര്‍ക്കാരിനെ ഇപ്പോള്‍ വിവാദത്തിലാക്കിയിരിക്കുകയാണ്. സംഭവം മറ്റൊന്നുമല്ല, വിധാന്‍ സഭയ്ക്ക് സമീപമുളള ഹജ്ജ് ഹൗസിന്റെ മതിലില്‍ കാവിനിറം പെയിന്റ് ചെയ്തതാണ് വിവാദത്തിന് കാരണം. ഇതിനെതിരെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തുവന്നു.

പച്ചയും വെളളയും നിറത്തിലായിരുന്ന ഹജ്ജ് ഹൗസിന്റെ മതില്‍ ഒറ്റ രാത്രി കൊണ്ടാണ് കാവിനിറമാക്കിയത്. വെളളിയാഴ്ച ഗുരുഗോബിന്ദ് സിങ് ജയന്തിയായതിനാല്‍ ഹജ്ജ് ഹൗസിന് അവധിയാണ്. അതിനാല്‍ അധികൃതരുടെ പ്രതികരണം ഇതുവരെ ലഭ്യമായിട്ടില്ല.

അതേസമയം യോഗി സര്‍ക്കാരിന്റെ നടപടിക്ക് എതിരെ സമാജ് വാദി പാര്‍ട്ടി രംഗത്തുവന്നു. സംസ്ഥാനത്തെ കാവിവല്‍ക്കരിക്കാനുളള യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ ലക്ഷ്യത്തിന്റെ ഭാഗമായുളള ഒടുവിലത്തെ നടപടിയാണിതെന്ന് സമാജ് വാദി പാര്‍ട്ടി ആരോപിച്ചു. ഇത് ന്യൂനപക്ഷ വിരുദ്ധമാണെന്നും പാര്‍ട്ടി കുറ്റപ്പെടുത്തി.  സര്‍ക്കാരിന്റെ വീഴ്ചകളെ മറയ്ക്കാനാണ് ഇത്തരം നടപടികള്‍ സ്വീകരിക്കുന്നത്. സംസ്ഥാനത്തെ ഒന്നാകെ കാവിവല്‍ക്കരിക്കാനുളള ശ്രമം കൊണ്ട് ജനങ്ങള്‍ക്ക് എന്തെങ്കിലും ഗുണമുണ്ടോയെന്നും സമാജ് വാദി പാര്‍ട്ടി ചോദിച്ചു. അതേസമയം ഇത്തരം വിവാദങ്ങള്‍ക്ക് സ്ഥാനമില്ലെന്ന് ഹജ്ജ് മന്ത്രി മൊഹസിന്‍ റാസ അറിയിച്ചു. കാവി ശക്തിയുടെ നിറമാണെന്നും അദ്ദേഹം പ്രതികരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com